മോസ്‌കോ : അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ സൈന്യം വളരെയധികം മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
നിലവിൽ ലുഹാൻസ്കിൽ റഷ്യയാണ് ഏതാണ്ട് മുഴുവൻ മേഖലയും നിയന്ത്രിക്കുന്നത്.
ഡൊനെറ്റ്സ്കിന്റെ ഏകദേശം 70 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാൽ അതിന്റെ പടിഞ്ഞാറൻ നഗരങ്ങൾ യുക്രെയ്നിന്റെ നിയന്ത്രണത്തിലാണ്. ഈ രണ്ടു മേഖലകളുടെയും പൂർണ നിയന്ത്രണം റഷ്യയ്ക്ക് വേണമെന്ന് പുടിൻ ഉച്ചകോടിയിൽ ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് 15 ന് ഡൊണാൾഡ് ട്രംപുമായുള്ള അലാസ്ക ഉച്ചകോടിയിൽ ആണ് ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളുടെ പൂർണ നിയന്ത്രണം ലഭിച്ചാൽ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചത്. എന്നാൽ യുക്രെയ്ൻ പ്രസിഡണ്ട് സെലൻസ്കി റഷ്യയുടെ ഈ ആവശ്യം നിരാകരിച്ചു. തിങ്കളാഴ്ച വാഷിംഗ്ടണിൽ വെച്ച് ട്രംപും സെലൻസ്കിയും തമ്മിൽ ഒരു കൂടിക്കാഴ്ച കൂടി നടത്തുന്നത് ഈ വിഷയത്തിൽ നിർണായകം ആകും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post