ന്യൂഡൽഹി : ബീഹാർ എസ് ഐ അറിലും ഈ വർഷത്തിന്റെ വോട്ട് മോഷണം ആരോപണങ്ങൾക്കും മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ച നാഷണൽ മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിക്കുകയും പ്രതികൂലിക്കുകയോ ചെയ്യുന്നില്ല എന്ന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി. പ്രതിപക്ഷം വ്യാജ ആരോപണങ്ങളിലൂടെ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തുന്നത് എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തുന്ന വോട്ട് മോഷണം ആരോപണം ഭരണഘടനയെ അപമാനിക്കൽ ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നുള്ളത് കോടതിയുടെ ഉത്തരവാണ്. എന്നാൽ രാഹുൽ ഗാന്ധി നിരവധി വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. പലരുടെയും ഫോട്ടോ ഉൾപ്പെടെ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തോളിൽ തോക്ക് വച്ചുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഇത്തരം വ്യാജ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭയപ്പെടില്ല എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
“കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് വരികയാണ്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ നിന്ന് ഒരു പ്രത്യേക തീവ്രമായ പുനരവലോകനം ആരംഭിച്ചു. എസ്‌ഐആറിന്റെ പ്രക്രിയയിൽ, എല്ലാ വോട്ടർമാരും, ബൂത്ത് ലെവൽ ഓഫീസർമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും നാമനിർദ്ദേശം ചെയ്ത 1.6 ലക്ഷം ബിഎൽഎമാരും ചേർന്ന് ഒരു കരട് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ബീഹാറിലെ എസ്‌ഐആറിനെ പൂർണ്ണ വിജയമാക്കാൻ കഠിനമായി പരിശ്രമിക്കുന്നു. ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷനൊപ്പം നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയോ വോട്ടർമാരുടെ വിശ്വാസ്യതയെയോ ചോദ്യം ചെയ്യാൻ കഴിയില്ല. ആരെങ്കിലും ഉയർത്തുന്ന ആരോപണങ്ങൾക്ക് അന്വേഷണം നടത്താൻ കഴിയില്ല. അന്വേഷണം ആവശ്യപ്പെടുന്നവർ ഔദ്യോഗികമായി പരാതി നൽകുകയാണ് ചെയ്യേണ്ടത്” എന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.









Discussion about this post