ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി പ്രതിപക്ഷ സഖ്യം. ഇന്ന് വൈകുന്നേരം പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരണം നടത്തും എന്നാണ് സൂചന. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർ തട്ടിപ്പ് നടത്തിയതായുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി.
ഇംപീച്ച്‌മെന്റ് പ്രമേയവുമായി ബന്ധപ്പെട്ട് ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല എങ്കിലും ആവശ്യമെങ്കിൽ, നിയമങ്ങൾക്കനുസൃതമായി ജനാധിപത്യത്തിന്റെ എല്ലാ ആയുധങ്ങളും കോൺഗ്രസ്സ് ഉപയോഗിക്കുമെന്ന് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈൻ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാക്കൾ ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ)ത്തിനെതിരെ ഇന്നും പാർലമെന്റിനു മുൻപിൽ പ്രതിഷേധം തുടരുകയാണ്.
മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, കനിമൊഴി തുടങ്ങിയ പ്രതിപക്ഷ എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബീഹാർ നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് ഔറംഗാബാദിൽ നിന്ന് ബീഹാറിലെ ‘വോട്ട് അധികാർ യാത്ര’യുടെ രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചു.
Discussion about this post