ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ജൂൺ 25 മുതൽ ജൂലൈ 15 വരെ ആക്സിയം -4 വാണിജ്യ ദൗത്യത്തിന്റെ ഭാഗമായ ശുഭാംശു ശുക്ല തിരികെ എത്തിയതിനുശേഷം ഇപ്പോൾ ജന്മനാടായ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.
ബഹിരാകാശത്തുനിന്നുമുള്ള ചില സവിശേഷ സമ്മാനങ്ങളുമായാണ് ശുഭാംശു ശുക്ല മോദിയെ കാണാൻ എത്തിയത്. ബഹിരാകാശത്ത് കൊണ്ടുപോയ ദേശീയ പതാകയും ആക്സിയം-4 മിഷൻ പാച്ചും ആണ് ശുഭാംശു ശുക്ല മോദിക്ക് സമ്മാനിച്ചത്. ജൂൺ 29 ന് ബഹിരാകാശത്ത് നിന്ന് വീഡിയോ കോളിലൂടെ ശുക്ല മോദിയുമായി സംവദിച്ചപ്പോൾ പശ്ചാത്തലത്തിൽ ഇതേ പതാക കാണപ്പെട്ടിരുന്നു. ഐഎസ്‌എസിൽ നിന്ന് ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറിൽ എടുത്ത ചിത്രങ്ങളും അദ്ദേഹം പ്രധാനമന്ത്രിയെ കാണിച്ചു.
“ശുഭാംശു ശുക്ലയുമായി മികച്ച ഒരു ആശയവിനിമയം നടത്തി. ബഹിരാകാശത്തിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ അഭിലാഷമായ ഗഗൻയാൻ ദൗത്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു” എന്ന് മോദി എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു. “ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കണ്ടു,”ഞാൻ അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇതേ പതാക പശ്ചാത്തലത്തിലുള്ള ഓർബിറ്റിൽ നിന്നാണ്. ഭാരതത്തെ പ്രതിനിധീകരിച്ച് ആ ദിവസവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചപ്പോഴും എനിക്ക് എത്രമാത്രം അഭിമാനം തോന്നി എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞതുപോലെ, ഇത് ഭാരതത്തിന്റെ മനുഷ്യ ബഹിരാകാശ യാത്രയിലെ ആദ്യപടി മാത്രമാണ്” എന്ന് ശുഭാംശു ശുക്ല എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.
Discussion about this post