ന്യൂഡൽഹി : ടോൾ പ്ലാസയിൽ വെച്ച് കളക്ഷൻ ഏജൻസി ജീവനക്കാർ സൈനികനോട് മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ കളക്ഷൻ ഏജൻസിക്ക് 20 ലക്ഷം രൂപ പിഴ ഇട്ടതായി എൻഎച്ച്എഐ അറിയിച്ചു. കൂടാതെ ഈ ഏജൻസിയുടെ കരാർ റദ്ദാക്കുകയും ചെയ്തു.
ഓഗസ്റ്റ് 17 ന് NH-709A ലെ മീററ്റ്-കർണാൽ സെക്ഷനിലെ ഭൂനി ടോൾ പ്ലാസയിൽ വെച്ചാണ് സംഭവം നടന്നത്. അവധി കഴിഞ്ഞ് ജമ്മു കശ്മീരിലേക്ക് മടങ്ങുകയായിരുന്ന സൈനികനായിരുന്നു ദുരനുഭവം നേരിടേണ്ടിവന്നത്. ശ്രീനഗറിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ബന്ധുവിനൊപ്പം ഡൽഹി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ കപിൽ എന്ന സൈനികനെ തർക്കത്തെ തുടർന്ന് ടോൾ പ്ലാസയിലെ ജീവനക്കാർ ആക്രമിക്കുകയായിരുന്നു.
സൈനികനെതിരെ ടോൾ പ്ലാസ ജീവനക്കാർ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഈ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച് എത്തി ടോൾ പ്ലാസ തല്ലി തകർത്തിരുന്നു. തുടർന്ന് റൂറൽ എസ് പി സ്ഥലത്ത് എത്തിയാണ് നാട്ടുകാരെ സമാധാനിപ്പിച്ചത്. ടോൾ പ്ലാസ ജീവനക്കാരായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി തന്നെ നേരിട്ട് ഇടപെട്ടിരിക്കുന്നത്.
സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിലും ഏജൻസി പരാജയപ്പെട്ടതിനാൽ കരാറിന്റെ ഗുരുതരമായ ലംഘനം കണക്കിലെടുത്ത് ടോൾ പിരിവ് ഏജൻസിയായ മെസ്സേഴ്സ് ധരം സിങ്ങിന് 20 ലക്ഷം രൂപ പിഴ ചുമത്തിയതായും കരാർ റദ്ദാക്കിയതായും എൻഎച്ച്എഐ അറിയിച്ചു. ടോൾ പ്ലാസ ബിഡുകളിൽ ഭാവിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഈ ഏജൻസിയെ വിലക്കിയിട്ടുമുണ്ട്. ടോൾ പ്ലാസയിലെ കളക്ഷൻ ജീവനക്കാരുടെ ഇത്തരം മോശം പെരുമാറ്റത്തെ എൻഎച്ച്എഐ അപലപിച്ചു. ദേശീയപാതകളിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
Discussion about this post