ന്യൂഡൽഹി : 2025ലെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പുതിയ ജിഎസ്ടി പരിഷ്കരണങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ വിപണിയിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും വിലകുറയും. നിർദ്ദിഷ്ട ജിഎസ്ടി 2.0 ഘടന പ്രകാരം, സർക്കാർ ചരക്ക് സേവന നികുതി (ജിഎസ്ടി) രണ്ട് സ്ലാബുകളിൽ ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. 5 ശതമാനവും 18 ശതമാനവും ആയിരിക്കും പുതിയ പരിഷ്കരണ പ്രകാരമുള്ള ജിഎസ്ടി നിരക്കുകൾ. നിലവിൽ 12% ഉള്ള ജിഎസ്ടി നിരക്കുകൾ 5% ആയി കുറയും. നിലവിൽ 28 ശതമാനം ഉള്ള ജിഎസ്ടി നിരക്കുകൾ 18% ആയും കുറയുന്നതാണ്.
കൂടാതെ ഇൻഷുറൻസ് നികുതിയിലും വലിയ മാറ്റം വരുന്നതാണ്. ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി നിലവിലുള്ള 18% ന് പകരം പൂജ്യം അല്ലെങ്കിൽ 5% പരിധിയിൽ വരുന്നതാണ്. ഇത് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും വളരെയേറെ പ്രയോജനപ്രദമാകും.
പുതിയ ജിഎസ്ടി പരിഷ്കരണം നടപ്പിൽ വരുന്നതോടെ മരുന്നുകൾ, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ എന്നിവ നികുതിരഹിതമാകും എന്നാണ് സൂചന.
ചെറിയ കാറുകൾ, എസി, ടിവി, ഫ്രിഡ്ജ് എന്നിവയുടെ നികുതി നിരക്കുകളും കുറയുന്നതാണ്. ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തിന് പകരം 18 ശതമാനമായി മാറും. ചെറിയ പെട്രോൾ, ഡീസൽ കാറുകളുടെ നികുതിയും നിലവിലുള്ള 28% ൽ നിന്ന് 18% ആയി കുറയും. കാർഷികമേഖലയ്ക്ക് ഗുണകരമാകുന്നതിനായി ട്രാക്ടറുകൾക്ക് 12% ന് പകരം 5% നികുതി ഏർപ്പെടുത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നു.
Discussion about this post