ന്യൂഡൽഹി : സിന്ധു നദീജല കരാർ ഉൾപ്പെടെയുള്ള മുൻ സർക്കാരുകളുടെ പാപങ്ങൾ കഴുകി കളയുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണനെ ആദരിക്കുന്ന ചടങ്ങലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സിന്ധു നദീജല ഉടമ്പടിയുടെ പേരിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മോദി തന്റെ പ്രസംഗത്തിൽ വിമർശിച്ചു.
“സിന്ധു നദീജല കരാർ രാജ്യതാൽപ്പര്യത്തിന് തന്നെ എതിരായിരുന്നു. എന്നാൽ ജവഹർലാൽ നെഹ്റു സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി ദേശീയ താൽപര്യം പണയം വയ്ക്കുകയായിരുന്നു. രാജ്യത്തിന്റെ പാർലമെന്റിനെയും മന്ത്രിസഭയെയും വിശ്വാസത്തിലെടുക്കാതെയാണെന്ന് പാകിസ്താനുമായി സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത്. നമ്മുടെ നദികളിലെ 80 ശതമാനത്തിലധികം വെള്ളവും പാകിസ്താന് ഉപയോഗിക്കാൻ അനുമതി നൽകിയത് ഈ രാജ്യത്തോട് ചെയ്ത കൊടും പാപമായിരുന്നു. മുൻ സർക്കാരുകൾ ചെയ്ത ഇത്തരം പാപങ്ങൾ കഴുകി കളയുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്യുന്നത്” എന്നും മോദി വ്യക്തമാക്കി.
എൻഡിഎ യോഗത്തിൽ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണനെ ആദരിച്ചു. ഈ ചടങ്ങിൽ പ്രധാനമന്ത്രി മോദി സിപി രാധാകൃഷ്ണന്റെ പൊതുജീവിതത്തെ പ്രശംസിച്ചു. എല്ലാ പാർട്ടികളിലെയും എംപിമാരും ഒരുമിച്ച് വന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ തീരുമാനിച്ച സ്ഥാനാർത്ഥിയെ ഏകകണ്ഠമായി പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു.









Discussion about this post