ഡൊണാൾഡ് ട്രംപിന്റെ താരിഫ്, ഉപരോധ ഭീഷണികൾക്കിടയിൽ ഇന്ത്യക്ക് എണ്ണ വിലയിൽ 5% അധിക കിഴിവുമായി റഷ്യ. ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിൽ ആക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് റഷ്യയുടെ ഈ തീരുമാനം. ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി എവ്ജെനി ഗ്രിവ ആണ് ഇതൊരു വ്യാപാര രഹസ്യമാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് 5% അധികം കിഴിവിനെ കുറിച്ച് വ്യക്തമാക്കിയത്.
യുക്രൈനുമായുള്ള യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റഷ്യൻ പ്രതിനിധിയുടെ ഈ പ്രഖ്യാപനം. റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിനും ഇന്ന് ഇന്ത്യയ്ക്കുള്ള റഷ്യയുടെ പിന്തുണ അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യം ആണെങ്കിലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നായിരുന്നു റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ വ്യക്തമാക്കിയത്. പാശ്ചാത്യർ നിങ്ങളെ വിമർശിക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾ എല്ലാം ശരിയായി ചെയ്യുന്നു എന്നാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തുകയും വിതരണം നിർത്തലാക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ ആരംഭിച്ചിരുന്നത്. 2019-20 കാലഘട്ടം വരെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ വെറും 1.7 ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നും ഉണ്ടായിരുന്നത്. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ എത്തുമ്പോൾ ഇന്ത്യാ റഷ്യയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ വിഹിതം 35.1 ശതമാനമായി ഉയർന്നു. നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ.
Discussion about this post