ന്യൂഡൽഹി : ഇന്ത്യൻ ആയുധശ്രേണിയിലെ ഏറ്റവും പുതിയ ആയുധം ‘അഗ്നി 5’ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. വിക്ഷേപണം എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ പാലിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ദീർഘദൂര, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ അഗ്നി പരമ്പരയിലെ ഏറ്റവും നൂതനമായ മിസൈലാണിത്. ആധുനിക നാവിഗേഷൻ, മാർഗ്ഗനിർദ്ദേശം, വാർഹെഡ്, എഞ്ചിൻ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചാണ് ‘അഗ്നി 5’ ബാലിസ്റ്റിക് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആണവ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അഗ്നി 5 മിസൈലിന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ ആഭിമുഖ്യത്തിലാണ് അഗ്നി 5 പരീക്ഷണ വിക്ഷേപണം നടത്തിയത്. അടുത്തതായി അഗ്നി-5 മധ്യദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് ഡിആർഡിഒ. മൂന്ന് പോർമുനകൾ വിക്ഷേപിക്കാൻ കഴിയുന്ന അഗ്നി-5 മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 7,500 കിലോമീറ്ററായി വർദ്ധിപ്പിക്കുന്നതാണ്.
Discussion about this post