ന്യൂഡൽഹി : കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025 ലോക്സഭ പാസാക്കി. പണത്തിനു വേണ്ടി കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള വ്യവസ്ഥിതി ഉൾപ്പെടുത്തിയിട്ടുള്ളതാണ് ബിൽ. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ടുള്ള വർദ്ധിച്ചുവരുന്ന ആസക്തി, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് എന്നിവ തടയുക എന്നതാണ് പുതിയ നിയമനിർമാണത്തിന്റെ ഉദ്ദേശ്യം.
ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ-2025 പ്രകാരം ഓൺലൈൻ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഏതെങ്കിലും ഗെയിമിന് ഫണ്ട് നൽകുന്നതോ കൈമാറ്റം ചെയ്യുന്നതോ വിലക്കുകയും ചെയ്യുന്നു. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെ ആണ് ലോക്സഭ ബിൽ പാസാക്കിയത്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഓൺലൈൻ ഫാന്റസി സ്‌പോർട്‌സ് മുതൽ ഓൺലൈൻ ചൂതാട്ടം (പോക്കർ, റമ്മി, മറ്റ് കാർഡ് ഗെയിമുകൾ പോലുള്ളവ), ഓൺലൈൻ ലോട്ടറികൾ എന്നിവ വരെ നിയമവിരുദ്ധമാക്കുന്നതാണ് ഈ ബിൽ. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി ബിൽ നിയമമായി കഴിഞ്ഞാൽ ഇത്തരം ഓൺലൈൻ ഗെയിമുകൾ നിയമപരമായ കുറ്റകൃത്യമാകും. ഇത് മൂന്ന് വർഷം വരെ തടവും/അല്ലെങ്കിൽ 1 കോടി രൂപ വരെ പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമായാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതുമാണ്.
റിയൽ മണി ഗെയിമുകൾ നിരോധിക്കുന്നതിനോടൊപ്പം ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമിംഗ് എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനും പുതിയ ബിൽ ലക്ഷ്യമിടുന്നു. ഇ-സ്പോർട്സിന് പ്രോത്സാഹനം നൽകാനും പുതിയ നിയമം സഹായകരമാകുന്നതാണ്. അതേസമയം ഐപിഎൽ ഉൾപ്പെടെയുള്ളവയിൽ ഈ നിയമം തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള റിയൽ മണി ഗെയിമിംഗ് വിപണിയിൽ നഷ്ടമുണ്ടാകുമെങ്കിലും പൊതുസമൂഹം ആണ് രാജ്യത്തിന് ഏറ്റവും വലുത് എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബിൽ അവതരിപ്പിക്കുമ്പോൾ വ്യക്തമാക്കി. യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രൂപ്പുകൾക്കും ഇടയിൽ, ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, പൊതുജനാരോഗ്യ ദോഷങ്ങൾക്ക് ഇത്തരം ഓൺലൈൻ റിയൽ മണി ഗെയിമുകൾ കാരണമായിട്ടുണ്ട് എന്നും ഭാവിയിൽ അത് തടയുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post