ന്യൂഡൽഹി : യുഎസ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായി മുദ്രകുത്തിയിരുന്ന സിൻഡി റോഡ്രിഗസ് സിംഗ് അറസ്റ്റിൽ. ഇന്ത്യൻ പോലീസിന്റെ സഹായത്തോടെയാണ് എഫ്ബിഐ ഈ കൊടും ക്രിമിനലിനെ അറസ്റ്റ് ചെയ്തത്. ആറു വയസ്സുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയ വനിതയാണ് സിൻഡി. പിന്നീട് അമേരിക്കയിൽ നിന്നും ഇവർ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
എഫ്ബിഐയുടെ ടോപ് 10 മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന കുറ്റാളിയായിരുന്നുസിൻഡി റോഡ്രിഗസ് സിംഗ്. ഇവരെ കണ്ടെത്തുന്നവർക്കോ വിവരം നൽകുന്നവർക്കോ എഫ്ബിഐ 250,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചിൽ തന്റെ ആറ് വയസ്സുള്ള മകൻ നോയൽ അൽവാരസിനെ കൊലപ്പെടുത്തിയെന്നാണ് സിന്ഡിക്കെതിരെയുള്ള കുറ്റം. യഥാർത്ഥത്തിൽ 2022 ഒക്ടോബറിലാണ് കുട്ടിയെ കാണാതായിരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നത്.
പോലീസ് അന്വേഷണത്തിനിടെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും സിൻഡിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കുട്ടി പിതാവായ മെക്സിക്കോ വംശജനോടൊപ്പം നിലവിൽ മെക്സിക്കോയിലാണ് ഉള്ളത് എന്നായിരുന്നു സിൻഡി ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവേ തൊട്ടടുത്ത ദിവസം തന്നെ സിൻഡി ഭർത്താവ് അർഷ്ദീപ് സിങ്ങിനും ആറ് കുട്ടികൾക്കുമൊപ്പം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യൻ-മെക്സിക്കൻ വംശജയായ സിൻഡി റോഡ്രിഗസ് സിംഗിനെ കണ്ടെത്തുന്നതിൽ ഒടുവിൽ നിർണായകമായത് ഇന്ത്യൻ പോലീസിന്റെ ഇടപെടലാണ്. ഇന്ത്യൻ പോലീസ് പിടികൂടിയ ഈ കൊടും കുറ്റവാളിയെ ഇപ്പോൾ എഫ്ബിഐക്ക് കൈമാറി. ഇന്ത്യൻ പോലീസിന്റെയും ഭരണകൂടത്തിന്റെയും സഹകരണത്തിന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നന്ദി അറിയിച്ചു.
Discussion about this post