ന്യൂഡൽഹി : ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ-2025 ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി. പ്രതിപക്ഷ ബഹളങ്ങൾക്കിടയിലും ചർച്ചയില്ലാതെ തന്നെ രാജ്യസഭ ബിൽ അംഗീകരിക്കുകയായിരുന്നു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വിവിധ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഓൺലൈൻ ഗെയിമിംഗ് ബിൽ.
ഇന്നലെയാണ് ലോക്സഭയിൽ ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഓൺലൈൻ ഗെയിമിംഗ് ബിൽ അവതരിപ്പിച്ചത്. ഇ-സ്പോർട്സും ഓൺലൈൻ സോഷ്യൽ ഗെയിമിംഗും ഒഴികെയുള്ള എല്ലാത്തരം ഓൺലൈൻ മണി ഗെയിമുകളും നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. ബുധനാഴ്ച ലോക്‌സഭയും വ്യാഴാഴ്ച രാജ്യസഭയും ബിൽ പാസാക്കി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച ഭേദഗതികൾ നിരസിച്ചതിന് ശേഷമാണ് ഉപരിസഭ ഇത് അംഗീകരിച്ചത്.
ഓൺലൈൻ മണി ഗെയിമുകളുടെ കെണിയിൽ അകപ്പെടുന്നതിലൂടെ ഓരോ വർഷവും ഏകദേശം 45 കോടി ആളുകൾക്ക് 20,000 കോടിയിലധികം രൂപ നഷ്ടപ്പെടുന്നു എന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മാനസികാരോഗ്യത്തിനും സമ്പത്തിനും ഹാനികരമായ റിയൽ-മണി ഗെയിമിംഗ് സേവനങ്ങളും അനുബന്ധ പരസ്യങ്ങളും സാമ്പത്തിക ഇടപാടുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടുവന്നത്. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഐപിഎൽ റിയൽ മണി ഗെയിമിംഗിനെ ഈ നിരോധനം സാരമായി ബാധിക്കുന്നതാണ്. ഡ്രീം11, എംപിഎൽ, മൈ 11സർക്കിൾ, വിൻസോ എന്നിങ്ങനെയുള്ള നിരവധി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ബാധിക്കുന്നതാണ്.
എന്നാൽ പണത്തേക്കാൾ പ്രധാനം ജനങ്ങളാണ് എന്ന നിലപാടാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്.
Discussion about this post