ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് തവണ ഫോളോ-ഓൺ നിർബന്ധിച്ചതിന് ശേഷം ടീം തോറ്റ മത്സരങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതൽ തവണ ഫോളോ-ഓൺ ചെയ്യിച്ചിട്ട് തോറ്റ ടീം. മൂന്ന് തവണ അവർ ഇത്തരത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. വലിയ തന്റേടമൊക്കെ കാണിച്ച് നിന്നിട്ട് എങ്ങനെയാണല്ലേ തോൽക്കുക, ആ മത്സരങ്ങളെക്കുറിച്ച് നോക്കാം:
1. ആഷസ്, സിഡ്‌നി (1894)
അടി : ഒന്നാം ഇന്നിംഗ്‌സിൽ 586 റൺസിന്റെ കൂറ്റൻ സ്‌കോർ നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 325 റൺസിന് പുറത്താക്കി ഫോളോ-ഓൺ ചെയ്യാൻ ഇറാക്കുന്നു.
തിരിച്ചടി: ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് ശക്തമായ തിരിച്ചുവന്നു. അവർ 437 റൺസ് നേടി, ഓസ്‌ട്രേലിയയ്ക്ക് 177 റൺസിന്റെ വിജയലക്ഷ്യം നൽകി. എന്നിരുന്നാലും മത്സരത്തിനിടെ പെയ്ത മഴ സ്പിന്നർമാർക്ക് മത്സരം അനുകൂലമാക്കി.
ഫലം: ഇംഗ്ലണ്ടിന്റെ സ്പിന്നർമാരായ ബോബി പീലും ജോണി ബ്രിഗ്‌സും സാഹചര്യങ്ങൾ മുതലെടുത്ത് ഓസ്‌ട്രേലിയയെ 166 റൺസിന് പുറത്താക്കി. 10 റൺസിന് ഇംഗ്ലണ്ട് മത്സരം വിജയിച്ചു.
2. ആഷസ്, ഹെഡിംഗ്ലി (1981)
അടി: പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ 401/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്സിൽ വെറും 174 റൺസിന് പുറത്തായി, ഓസ്ട്രേലിയ ഫോളോ-ഓൺ ചെയ്യാൻ ഇംഗ്ലണ്ടിനോട് ആവശ്യപെട്ടു.
തിരിച്ചടി : 227 റൺസ് പിന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135/7 എന്ന നിലയിൽ ഒതുങ്ങിയപ്പോൾ അവർ പെട്ടെന്ന് തീരുമെന്ന് കരുതി. എന്നിരുന്നാലും, ഇയാൻ ബോതമിന്റെ തകർപ്പൻ ബാറ്റിംഗ് മത്സരത്തിന്റെ ഗതി മാറ്റി. ഇത് ഇംഗ്ലണ്ടിന് നേരിയ ലീഡ് നൽകി.
ഫലം: ഓസ്ട്രേലിയക്ക് ലക്‌ഷ്യം 130 റൺസ്. ബോബ് വില്ലിസിന്റെ (8/43) ബൗളിംഗ് സ്പെല്ലിലൂടെ ഓസ്ട്രേലിയൻ നിര തകർന്നു, അവർ 111 റൺസിന് ഓൾഔട്ടായി, 18 റൺസിന് ഇംഗ്ലണ്ട് മത്സരം ജയിച്ചു.
3. ഇന്ത്യ vs. ഓസ്ട്രേലിയ, കൊൽക്കത്ത (2001)
അടി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് മത്സരങ്ങളിൽ ഒന്നായി ഈ പ്രശസ്തമായ ടെസ്റ്റ് മത്സരം പരക്കെ കണക്കാക്കപ്പെടുന്നു. ആദ്യ ഇന്നിംഗ്സിൽ 445 റൺസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ 171 റൺസിന് പുറത്താക്കി ഫോളോ-ഓൺ ചെയ്യാൻ ഇറക്കുന്നു.
തിരിച്ചടി : വി.വി.എസ്. ലക്ഷ്മൺ (281) രാഹുൽ ദ്രാവിഡ് (180) എന്നിവർ അഞ്ചാം വിക്കറ്റിൽ 376 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് സൃഷ്ടിച്ചു, നാലാം ദിവസം മുഴുവൻ ബാറ്റ് ചെയ്തു. ഇത് ഇന്ത്യയെ 657/7 എന്ന നിലയിൽ ഡിക്ലയർ ചെയ്യാൻ അനുവദിച്ചു, ശേഷം ഓസ്ട്രേലിയയ്ക്ക് 384 എന്ന അവിശ്വസനീയമായ ലക്ഷ്യമായി വെച്ചു.
ഫലം: സ്ഥിരതയുള്ള തുടക്കം കിട്ടിയിട്ടും, ഹർഭജൻ സിംഗിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും സമ്മർദ്ദത്തിൽ അവസാന ദിവസം ഓസ്ട്രേലിയൻ ബാറ്റിംഗ് ഓർഡർ നാടകീയമായി തകർന്നു. അവർ 212 റൺസിന് പുറത്തായി, ഇന്ത്യ 171 റൺസിന് ആവേശ ജയം നേടി.
Discussion about this post