ഗാന്ധി നഗർ : ഗുജറാത്ത് തീരത്തു നിന്നും 15 പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ബംഗ്ലാദേശി പോലീസുകാരനും ബിഎസ്എഫിന്റെ പിടിയിലായി.
ഗുജറാത്തിൽ ബോർഡർ ഔട്ട്‌പോസ്റ്റ് (ബിഒപി) ബിബികെയ്ക്ക് സമീപമുള്ള കോറി ക്രീക്ക് പ്രദേശത്ത് നിന്നുമാണ് ബിഎസ്എഫ് 15 പാകിസ്താൻ പൗരന്മാരെ പിടികൂടിയത്. എഞ്ചിൻ ഘടിപ്പിച്ച കൺട്രി ബോട്ടുമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന 15 പാകിസ്താൻ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർ മത്സ്യത്തൊഴിലാളികൾ ആണെന്നാണ് പറയുന്നത്.
68 ബറ്റാലിയൻ ബിഎസ്‌എഫ്, 176 ബറ്റാലിയൻ ബിഎസ്‌എഫ്, വാട്ടർ വിംഗ് എന്നിവ പ്രാദേശിക പട്രോളിംഗ് ബോട്ടുകളുമായി സഹകരിച്ച് നടത്തിയ ദൗത്യത്തിലാണ് പാകിസ്താൻ സ്വദേശികൾ അറസ്റ്റിലായിട്ടുള്ളത്. ചുറ്റുമുള്ള തീരപ്രദേശങ്ങളിലും ബിഎസ്എഫ് ശക്തമായ പരിശോധന തുടരുന്നുണ്ട്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഒരു മുതിർന്ന ബംഗ്ലാദേശ് പോലീസ് ഉദ്യോഗസ്ഥൻ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഹക്കിംപൂർ അതിർത്തി ഔട്ട്‌പോസ്റ്റിന് സമീപം വെച്ചാണ് ബിഎസ്എഫ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പശ്ചിമ ബംഗാൾ പോലീസിന് കൈമാറി.
Discussion about this post