ന്യൂഡൽഹി : മുൻ സിആർപിഎഫ്, ഐടിബിപി മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അനീഷ് ദയാൽ സിങ്ങിനെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസർക്കാർ. ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ എന്നിവയിൽ 35 വർഷത്തിലേറെ പരിചയമുള്ള ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിംഗ്. ജമ്മു കശ്മീർ, ഇടതുപക്ഷ തീവ്രവാദ മേഖലകൾ, വടക്കുകിഴക്കൻ മേഖലയിലെ കലാപ സാധ്യത പ്രദേശങ്ങൾ തുടങ്ങിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾക്ക് ഇനി ഡെപ്യൂട്ടി എൻഎസ്എ ആയ അനീഷ് ദയാൽ സിംഗ് മേൽനോട്ടം വഹിക്കും.
മണിപ്പൂർ കേഡറിൽ നിന്നുള്ള 1988 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിംഗ്. 35 വർഷത്തിലധികം സേവനമനുഷ്ഠിച്ച അദ്ദേഹം 2024 ഡിസംബറിലാണ് വിരമിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിങ്ങനെ
ഇന്ത്യയിലെ രണ്ട് പ്രധാന അർദ്ധസൈനിക വിഭാഗങ്ങളുടെ തലവനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മുൻപ് ഇന്റലിജൻസ് ബ്യൂറോയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഇന്റലിജൻസ് ബ്യൂറോയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിലെ കലാപവിരുദ്ധ പ്രവർത്തനങ്ങളിലും ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങളിലും നിരവധി പ്രധാന നേട്ടങ്ങൾ കൈവരിക്കാൻ അനീഷ് ദയാൽ സിംഗിന് കഴിഞ്ഞിട്ടുണ്ട്. 36-ലധികം ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസുകൾ സ്ഥാപിച്ചും നാല് പുതിയ ബറ്റാലിയനുകൾ ചേർത്തും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സേനയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജമ്മു കശ്മീരിലെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും മേഖലയിൽ സുരക്ഷാ വിന്യാസങ്ങൾ നടത്തിയത് അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിൽ ആയിരുന്നു.
Discussion about this post