മോസ്‌കോ : റഷ്യ വിലക്കുറവിൽ എണ്ണ നൽകുന്നിടത്തോളം കാലം റഷ്യയിൽ നിന്നും ഉള്ള എണ്ണ വാങ്ങൽ ഇന്ത്യ തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ദേശീയ താൽപര്യമാണ് ഇന്ത്യയ്ക്ക് പ്രധാനം. നിലവിൽ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച കരാർ നൽകുന്നത് റഷ്യയാണ്. അതിനാൽ തന്നെ വ്യാപാരബന്ധം ഇനിയും മുന്നോട്ടുപോകുമെന്നും വിനയ് കുമാർ വ്യക്തമാക്കി.
യുഎസിന്റെ താരിഫ് വർധനവുമായി ബന്ധപ്പെട്ട് റഷ്യൻ വാർത്ത ഏജൻസിയായ ടാസ് അഭിപ്രായം തേടിയപ്പോഴാണ് ഇന്ത്യൻ അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ 1.4 ബില്യൺ ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ നൽകുക എന്നതാണ് ഇന്ത്യയുടെ ഊർജ്ജ നയം ലക്ഷ്യമിടുന്നത്. റഷ്യ പോലുള്ള രാജ്യങ്ങളുമായുള്ള സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൊണ്ടുവന്നിട്ടുണ്ടെന്നും വിനയ് കുമാർ പറഞ്ഞു.
“പൗരന്മാർക്ക് താങ്ങാനാവുന്നതും സ്ഥിരതയുള്ളതുമായ ഊർജ്ജം ലഭിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണന. ഇന്ത്യ-റഷ്യ വ്യാപാരം പരസ്പര താൽപ്പര്യങ്ങളെയും വിപണി ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ദേശീയ കറൻസികളിലെ പണമടയ്ക്കൽ സംവിധാനവും നന്നായി പ്രവർത്തിക്കുന്നുണ്ട്. റഷ്യയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ആണ് നിലവിൽ ഇന്ത്യ ശ്രമിക്കുന്നത്” എന്നും വിനയ് കുമാർ വ്യക്തമാക്കി.
Discussion about this post