ബംഗളൂരു : ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ‘ധർമ്മസ്ഥല’ കേസിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവരികയാണ്. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്ന തലയോട്ടി ധർമ്മസ്ഥലയിൽ നിന്നുള്ളതല്ല എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. മറ്റേതോ പ്രദേശങ്ങളിൽ കണ്ടുവരുന്ന മണ്ണാണ് ഈ തലയോട്ടിയിൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ ഈ തലയോട്ടി ചിന്നയ്യ പറഞ്ഞിരുന്നത് പോലെ ഒരു സ്ത്രീയുടേതല്ലെന്നും 40 വർഷങ്ങൾക്ക് മുൻപ് മരിച്ച പുരുഷന്റെ തലയോട്ടിയാണെന്നും കണ്ടെത്തി. കൂടാതെ തലയോട്ടിയിൽ ദീർഘകാലം കേടാകാതെ സൂക്ഷിക്കുന്നതിനായി വാർണിഷ് പൂശിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാജമായ കഥകളും മൊഴികളും സൃഷ്ടിച്ച് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തിയ ചിന്നയ്യയെ എസ്ഐടി കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ധർമസ്ഥല വെളിപ്പെടുത്തൽ സംബന്ധിച്ച ആസൂത്രണം ആരംഭിച്ചത് 2023ൽ ആണെന്ന് ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒരു സംഘം തന്നെ വീട്ടിൽ വന്നു കാണുകയായിരുന്നു. ഈ ജോലി ചെയ്യുന്നതിനായി 2 ലക്ഷം രൂപ പ്രതിഫലവും തന്നു എന്നും ചിന്നയ്യ വെളിപ്പെടുത്തി. എന്നാൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാനില്ല എന്നാണ് ഇയാൾ പറയുന്നത്. പ്രശസ്തി ആഗ്രഹിച്ചാണ് ഇയാൾ വ്യാജ ആരോപണങ്ങൾ സൃഷ്ടിച്ചത് എന്നാണ് അയാളുടെ ഭാര്യ മൊഴി നൽകിയിരിക്കുന്നത്.
ധർമ്മസ്ഥല കേസിൽ യൂട്യൂബർ സമീറിനെ എസ്ഐടി ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. സമീറിന്റെ ശബ്ദസാമ്പിൾ ശേഖരിച്ച് എസ്ഐടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളി ചിന്നയ്യക്ക് പണം നൽകിയ സംഘത്തെകുറിച്ചും അനന്യ ഭട്ട് എന്ന വ്യാജ മകൾ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ച സുജാത ഭട്ടിനെ കുറിച്ചും എസ്ഐടി കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.
Discussion about this post