ന്യൂഡൽഹി : മഹാരാഷ്ട്രയിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരഞ്ഞെടുപ്പ് വിദഗ്ധൻ സഞ്ജയ് കുമാറിന് സുപ്രീംകോടതിയിൽ നിന്നും ആശ്വാസ വിധി. സഞ്ജയ് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യേണ്ട എന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വോട്ടർ പട്ടികയെക്കുറിച്ച് സോഷ്യൽ മീഡിയയിലെ തന്റെ പോസ്റ്റുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് കുമാറിനെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സഞ്ജയ് കുമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടും എഫ്‌ഐആർ ഫയൽ ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. വാദം കേട്ട സുപ്രീംകോടതി ഇഷ്യൂ നോട്ടീസ് നൽകാമെന്നും ഈ കാലയളവിൽ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട എന്നും ഉത്തരവിട്ടു.
സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ (സിഎസ്ഡിഎസ്) ലോക്‌നീതിയുടെ സഹ-ഡയറക്ടറാണ് സഞ്ജയ് കുമാർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ വഴി മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post