ഗാന്ധി നഗർ : ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ഓപ്പറേഷൻ സിന്ദൂറിനെയും ട്രംപിന്റെ താരിഫിനെയും കുറിച്ച് സംസാരിച്ചു. സമ്മർദ്ദങ്ങൾ കൂടുംതോറും അതിനെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ചെറുകിട സംരംഭകർക്കും കർഷകർക്കും മൃഗങ്ങളെ വളർത്തുന്നവർക്കും ഒരു ദോഷവും വരാൻ തന്റെ സർക്കാർ അനുവദിക്കില്ല എന്നും മോദി വ്യക്തമാക്കി. ഇന്ന് ഇന്ത്യ സ്വാശ്രയത്വത്തെ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമാക്കിയിരിക്കുന്നു. കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലി കർഷകർ, സംരംഭകർ എന്നിവരുടെ ശക്തിയിൽ ഇന്ത്യ വികസനത്തിന്റെ പാതയിലേക്ക് അതിവേഗം നീങ്ങുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
“സ്വാശ്രയ ഇന്ത്യാ പ്രചാരണത്തിന് ഗുജറാത്തിൽ നിന്ന് ഊർജ്ജം ലഭിക്കുന്നു. ഇവിടെ എല്ലാ ദിവസവും അശാന്തി നിലനിന്നിരുന്ന ആ ദിവസങ്ങൾ യുവതലമുറ കണ്ടിട്ടില്ല. ഇന്ന് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് അഹമ്മദാബാദ്. ഗുജറാത്തിൽ സമാധാനത്തിന്റെയും സുരക്ഷയുടെയും അന്തരീക്ഷമാണ് ഇന്ന് നാം കാണുന്നത്. ഗുജറാത്ത് മുന്നോട്ട് കുതിക്കുകയാണ്. രാജ്യത്തിന്റെ കയറ്റുമതിയുടെ മൂന്നിലൊന്ന് ഗുജറാത്തിൽ നിന്നാണ്. സൗരോർജ്ജ, ആണവോർജ മേഖലകളിൽ ഇന്ത്യ മുന്നേറുകയാണ്. അതിൽ ഗുജറാത്തിന് ഏറ്റവും ഉയർന്ന പങ്കാളിത്തമുണ്ട്. ഗുജറാത്ത് ഹരിത ഊർജ്ജത്തിന്റെയും പെട്രോകെമിക്കലുകളുടെയും കേന്ദ്രമായി മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെയും സെമികണ്ടക്ടർ മേഖലയിലും ഗുജറാത്ത് മുന്നേറുകയാണ്” എന്നും മോദി വ്യക്തമാക്കി.









Discussion about this post