പഞ്ചാബിന്റെ ബൗളിംഗ് പരിശീലകനായ ഗഗൻദീപ് സിംഗ്, പേസർ അർഷ്ദീപ് സിംഗിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു. 2025-ൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ഇടംകൈയ്യൻ സീമർ ടീമിന്റെ ഭാഗമായിരുന്നു. എങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് ഇറങ്ങാൻ അവസരം കിട്ടിയില്ല.
ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് അർഷ്ദീപിനെ ഒഴിവാക്കിയിരുന്നു, ശേഷം നാലാം മത്സരത്തിൽ അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ, നെറ്റ് സെഷനിൽ ഇടതുകൈയ്ക്കേറ്റ തള്ളവിരലിന് പരിക്കേറ്റതിനാൽ അദ്ദേഹത്തിന് അവിടെ കളിക്കാൻ കഴിഞ്ഞില്ല. അഞ്ചാം ടെസ്റ്റിനായി അദ്ദേഹം കൃത്യസമയത്ത് സുഖം പ്രാപിച്ചെങ്കിലും, വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല.
താരത്തിന്റെ അവസ്ഥയെക്കുറിച്ച് പരിശീലകൻ ഇങ്ങനെ പറഞ്ഞു: “ഇംഗ്ലണ്ടിൽ ഒരു അവസരത്തിന് അവൻ അർഹൻ ആണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അദ്ദേഹം അവിടെ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ സംസാരിച്ചു, ടെസ്റ്റ് ടീമിൽ അവസരം ലഭിക്കാത്തതിൽ അദ്ദേഹം അസ്വസ്ഥതയും അക്ഷമയും പ്രകടിപ്പിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം, നിങ്ങളുടെ നിമിഷത്തിനായി കാത്തിരിക്കണം,” അദ്ദേഹം പറഞ്ഞു.
പരമ്പര 2-2 സമനിലയിൽ അവസാനിച്ചപ്പോൾ അർശ്ദീപിന് അവസരം കിട്ടാത്തത് ആയിരുന്നു ഒരു പോരായ്മ എന്നാണ് ആരാധകരും പറഞ്ഞത്. റെഡ്-ബോൾ ക്രിക്കറ്റിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവുകൾ അർഷ്ദീപ് സിങ്ങിനുണ്ടെന്ന് ഗഗൻദീപ് സിംഗ് ചൂണ്ടിക്കാട്ടി. “ടെസ്റ്റ് ക്രിക്കറ്റ് അതുല്യമാണ്, കാരണം അത് മറ്റൊരു ഫോർമാറ്റിനും കഴിയാത്ത വിധത്തിൽ നിങ്ങളുടെ കഴിവുകളെയും സ്വഭാവത്തെയും വെല്ലുവിളിക്കുന്നു. എന്നിരുന്നാലും, റെഡ്-ബോൾ ക്രിക്കറ്റിനും അദ്ദേഹത്തിന്റെ കഴിവുകൾ നന്നായി യോജിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഉയരം, പന്ത് സ്വിംഗ് ചെയ്യാനുള്ള സ്വാഭാവിക കഴിവ്, നിയന്ത്രണം എന്നിവ കണക്കിലെടുക്കുമ്പോൾ.” പരിശീലകൻ പറഞ്ഞു.
ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന 2025 ദുലീപ് ട്രോഫിയിലാണ് അർഷ്ദീപിനെ അടുത്തതായി കാണാൻ കഴിയുക. അദ്ദേഹം നോർത്ത് സോണിനു വേണ്ടിയാണ് കളിക്കുക. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ആയുഷ് ബദോണി, ഹർഷിത് റാണ, അൻഷുൽ കംബോജ് എന്നിവരും ഉൾപ്പെടുന്നു.
Discussion about this post