യെമനിൽ കടുത്ത ആക്രമണവുമായി ഇസ്രായേൽ. പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം മുഴുവൻ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. യെമൻ തലസ്ഥാനമയ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ് വിവരം.
സനായിൽ ഹൂതി വിമതരുടെ സാറ്റലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൽ മാലിക് അൽഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ഇസ്രയേൽ ആക്രമണം. നിരവധി മുതിർന്ന ഹൂതി നേതാക്കൾ ഈ സമയം പ്രസംഗം കേൾക്കാൻ ഒത്തുചേർന്നുവെന്നും ഇവരെയാണ് ലക്ഷ്യമിട്ടതെന്നും ഐഡിഎഫ് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി അടക്കമുള്ള ഉന്നതർ കൊല്ലപ്പെട്ട വിവരം പുറത്ത് വരുന്നത്.
ഇസ്രയേലിനു നേരെ ആരു കൈയുയർത്തിയാലും ആ കൈകൾ വെട്ടിമാറ്റുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആക്രമണത്തിനു പിന്നാലെ പ്രസ്താവനയിൽ പറഞ്ഞു. 2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. തെക്ക് ഏദൻ ആസ്ഥാനമായുള്ള പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾ ഉൾപ്പെടുന്ന ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികൾ.
Discussion about this post