ആഗോള ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധം പുലർത്തുകയും രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. ഗൾഫിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആദിലിനെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് എടിഎസിന് കൈമാറുകയായിരുന്നു.
മൂവാറ്റുപുഴ മുളവൂർ തെക്കേവീട്ടിൽ ആദിലിനെതിരെ നേരത്തെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കോവിഡ് കാലത്താണ് ഇയാൾ ദുരൂഹസാഹചര്യത്തിൽ ഗൾഫിലേക്ക് കടന്നത്. ഐഎസ് ബന്ധമുള്ള മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് ആദിലിന്റെ ഭീകരബന്ധം കേരളാ എടിഎസ് തിരിച്ചറിഞ്ഞത്. ഇയാൾക്കായി നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി വിമാനത്താവളം ഒഴിവാക്കി തിരുവനന്തപുരത്ത് വന്നിറങ്ങിയ ആദിലിന്റെ തന്ത്രം ഇമിഗ്രേഷൻ വിഭാഗത്തിന്റെ ജാഗ്രതയിൽ പൊളിയുകയായിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയുമായിരുന്നു ആദിലിന്റെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേകം ഗ്രൂപ്പുകൾ രൂപീകരിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആദിലിന്റെ ഓരോ നീക്കങ്ങളും എടിഎസ് നിരീക്ഷിച്ചു വരികയായിരുന്നു. മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടിലും ബന്ധുക്കളുടെ വസതികളിലും അന്വേഷണ ഏജൻസികൾ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. നിലവിൽ നെടുമ്പാശേരിയിൽ വെച്ച് എടിഎസ്, എൻഐഎ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ സംയുക്തമായാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
നേരത്തെ തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഐഎസ് സംഘത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഭീകരപ്രവർത്തനത്തിനായി ഫണ്ട് സ്വരൂപിച്ചതായും കണ്ടെത്തിയിരുന്നു. ഈ സംഘവുമായി ആദിലിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഭാരതത്തിന്റെ മണ്ണിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ സ്വപ്നം കാണുന്ന ഇത്തരം ശക്തികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്. ആദിലിന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതൽ ഭീകരബന്ധങ്ങൾ പുറത്തുവരുമെന്നാണ് സൂചന.













Discussion about this post