ബീജിങ് : ഏഴ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനം. അതോടൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. കൂടാതെ എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിൽ എത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.
ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തിയത്. റെഡ് കാർപെറ്റിൽ അതിഗംഭീര സ്വീകരണം ഒരുക്കിയാണ് ചൈന മോദിയെ സ്വാഗതം ചെയ്തത്. സെപ്റ്റംബർ 1 വരെ പ്രധാനമന്ത്രി ചൈനയിലുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഇരു നേതാക്കളും ശ്രദ്ധ ചെലുത്തുന്നത്.
ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യയ്ക്കുമേലുള്ള 50% യുഎസ് താരിഫിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ആണ് പ്രധാനമന്ത്രി മോദി എസ്‌സിഒ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം തന്നെ ചൈനയിൽ നടക്കുന്ന ഇന്ത്യ-ചൈന-റഷ്യ കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ്.









Discussion about this post