ചൈനീസ് പ്രസിഡന്റ് ഷിജിൻപിങുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികൾക്കിടയിൽ ഒരു ധാരണയിലെത്തിയിട്ടുണ്ട്. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നല്ല സുഹൃത്തുക്കളും അയൽക്കാരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച ഷി ജിൻപിങ്, ‘ഡ്രാഗണും ആനയും’ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഏഷ്യയിലെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കണം. ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണിത്. ദീർഘകാല വീക്ഷണത്തിൽ തന്ത്രപരമായ ബന്ധം മുന്നോട്ടുപോകണമെന്നും ഷി ജിൻപിങ് പറഞ്ഞു. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിൽ എത്തിയത്.ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ചൈനീസ് സന്ദർശനത്തിന് മുൻപ് മോദി പറഞ്ഞിരുന്നു.









Discussion about this post