ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളെ വിമർശിച്ച് തമിഴ് നടൻ രഞ്ജിത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന് നടന്റെ മുഖത്തടിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിനായക ചതുർത്ഥി ആഘോഷ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയാണ് ശക്തമായ വിമർശനം ഉന്നയിച്ചത്.
വിജയിയുടെ തലയ്ക്ക് നല്ല സുഖമില്ല. 2014-ൽ കോയമ്പത്തൂരിൽവെച്ച് മോദിയെ കണ്ടപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു. മുഖ്യമന്ത്രിയെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ മര്യാദയെയും രഞ്ജിത്ത് ചോദ്യം ചെയ്തു. മോദി മുസ്ലീം ജനതയെ വഞ്ചിച്ചുവെന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തതു കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് വിജയ് പറയുന്നത്. എന്നാല്‍ സിനിമയില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ആരാണ്? എംജിആറോ? ജയലളിതയോ? അതോ ക്യാപ്റ്റന്‍ വിജയ്കാന്തോ? ഇവരാരുമല്ല. കമല്‍ഹാസനെ ഉദ്ദേശിച്ചായിരിക്കാം വിജയ് പറഞ്ഞതെന്നും രഞ്ജിത്ത് പറയുന്നുണ്ട്.വിജയ് പഴയതൊന്നും മറക്കാന്‍ പാടില്ല. താനും വോട്ടറാണ്, പൗരനാണ്. പ്രധാനമന്ത്രി പിതൃതുല്യനാണ്. അദ്ദേഹത്തെ കൈ ഞൊടിച്ച് മോശമായി സംസാരിക്കുമ്പോഴെല്ലാം ഹൃദയം വേദനിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.
മലയാള സിനിമകളായ രാജമാണിക്യം, ചന്ദ്രോത്സവം എന്നിവയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് രഞ്ജിത്ത്.
Discussion about this post