ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനക്ക് ഇരട്ടി കരുത്ത് പകരാൻ പുതിയ തേജസ് യുദ്ധവിമാനങ്ങൾ എത്തുന്നു. രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ഉടൻ വ്യോമസേനയുടെ ഭാഗമാകുന്നതാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മാണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഒക്ടോബറിൽ വിതരണം ചെയ്യും.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 38 തേജസ് ജെറ്റുകൾ സർവീസിലുണ്ട്. പുതുതായി 97 തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഏകദേശം 67,000 കോടി രൂപയുടെ കരാറാണിത്.
വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, സ്‌ട്രൈക്ക് ദൗത്യങ്ങൾ തുടങ്ങി നിരവധി ജോലികൾ ചെയ്യാൻ കഴിയുന്ന അത്യാധുനിക സിംഗിൾ എഞ്ചിൻ മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് തേജസ് മാർക്ക് 1എ. അതി നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന തേജസ് മാർക്ക് 1എയുടെ വിന്യാസം വ്യോമസേനയുടെ ശക്തി കൂടുതൽ വർദ്ധിപ്പിക്കും.
തേജസ്-മാർക്ക് 1എ വിമാനത്തിന്റെ ഫയറിംഗ് പരീക്ഷണങ്ങൾ ഈ മാസം നടത്തുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി. ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈൽ അസ്ത്രയുടെ ഫയറിംഗ് പരീക്ഷണങ്ങൾക്ക് തേജസ് ഉപയോഗിക്കുന്നതാണ്. ഷോർട്ട് റേഞ്ച് മിസൈൽ എഎസ്ആർഎഎമ്മിന്റെയും ലേസർ ഗൈഡഡ് ബോംബിന്റെയും ഫയറിംഗ് പരീക്ഷണങ്ങളും നടത്തും.









Discussion about this post