വാഷിംഗ്ടൺ : ഇന്ത്യ-യുഎസ് ബന്ധം മോശം അവസ്ഥയിൽ ആവുകയും ഇന്ത്യ-റഷ്യ-ചൈന സൗഹൃദം ഉയർന്നുവരുകയും ചെയ്തതോടെ പുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. താൻ എപ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് ആയിരിക്കും എന്നും ട്രംപ് സൂചിപ്പിച്ചു.
“ചില പ്രശ്നങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഇടയിൽ ഉണ്ടാകാറുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഞാൻ ഇപ്പോഴും നിരാശനാണ്. ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. പക്ഷേ, അദ്ദേഹം ഇപ്പോൾ ചെയ്യുന്ന ജോലി എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. അത്തരം നിമിഷങ്ങൾ നമുക്കിടയിൽ വരുന്നു” എന്നായിരുന്നു ട്രംപ് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്.
ഇന്നലെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനുമൊപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം ട്രംപ് പങ്കിട്ടിരുന്നു. ഇന്ത്യയെയും റഷ്യയെയും അമേരിക്കക്ക് നഷ്ടപ്പെട്ടതായി തോന്നുന്നു എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. ചൈനയോടൊപ്പം അവരുടെ ഭാവി ദീർഘവും സമൃദ്ധവുമാകട്ടെ എന്നും ട്രംപ് ആശംസിച്ചു.









Discussion about this post