ന്യൂഡൽഹി : ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. അമേരിക്കയിൽ നടക്കുന്ന യുഎൻജിഎ സമ്മേളനത്തിന് ഇല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പകരമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പങ്കെടുക്കും.
യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനം സെപ്റ്റംബർ 9 ന് ആരംഭിക്കും. സെപ്റ്റംബർ 23 മുതൽ 29 വരെ ആണ് ഉന്നതതല പൊതുചർച്ച നടക്കുക. സെപ്റ്റംബർ 23 ന് യുഎൻജിഎ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോക നേതാക്കളെ അഭിസംബോധന ചെയ്യും. വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമിൽ യുഎൻ സെഷനിൽ അദ്ദേഹം നടത്തുന്ന ആദ്യ പ്രസംഗമാണിത്.
ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തിറക്കിയ 80-ാമത് പൊതുസഭയുടെ ഉന്നതതല പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം എസ് ജയശങ്കർ ആയിരിക്കും ഇന്ത്യക്കായി പൊതു ചർച്ചയിൽ സംസാരിക്കുക. ജൂലൈയിൽ പുറത്തിറക്കിയ മുൻ പ്രഭാഷകരുടെ പട്ടികയിൽ, പ്രധാനമന്ത്രി മോദി സെപ്റ്റംബർ 26 ന് പൊതുചർച്ചയെ അഭിസംബോധന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇസ്രായേൽ, ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും സർക്കാരുകളും സെപ്റ്റംബർ 26 ന് ഐക്യരാഷ്ട്രസഭയുടെ പൊതുചർച്ചയെ അഭിസംബോധന ചെയ്യും.









Discussion about this post