ടോക്യോ : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും. കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയെ തുടർന്നാണ് തീരുമാനം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഭരണകക്ഷിയിൽ തന്നെ പിളർപ്പിനുള്ള സാധ്യത ഉണ്ടായത് പാർട്ടിക്കുള്ളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി.
ജപ്പാൻ അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഒപ്പു വച്ചേക്കും എന്നുള്ള സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭരണകക്ഷിയിൽ തന്നെ പ്രധാനമന്ത്രിക്ക് എതിരെ ഭിന്നസ്വരമുയർന്നത് എന്നാണ് സൂചന.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി)യിലെ പിളർപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഞായറാഴ്ച രാജിവയ്ക്കാനുള്ള തീരുമാനം സ്ഥിരീകരിച്ചതെന്ന് ജാപ്പനീസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിപിക്കും സഖ്യകക്ഷിയായ കൊമൈറ്റോയ്ക്കും കനത്ത തിരിച്ചടിയായിരുന്നു ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ജപ്പാനിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇഷിബയുടെ എൽഡിപി നയിക്കുന്ന ഭരണ സഖ്യത്തിന് ലോവർ ഹൗസിലും ഡയറ്റിന്റെ അപ്പർ ഹൗസിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. 248 സീറ്റുകളുള്ള ഉപരിസഭയിൽ എൽഡിപിക്ക് ഭൂരിപക്ഷം നേടാനായില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ ഇഷിബയ്ക്ക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സമ്മർദ്ദം ഉണ്ടാവുകയായിരുന്നു.
Discussion about this post