തൃശ്ശൂർ : കഴിഞ്ഞവർഷം തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നൽകിയ വാക്കായിരുന്നു പുലിക്കളിക്ക് കേന്ദ്രസഹായം ലഭ്യമാക്കും എന്നുള്ളത്. ഈ വർഷത്തെ പുലിക്കളിക്ക് മുന്നോടിയായി ആ വാക്ക് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിന്റെ സാംസ്കാരിക ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പുലിക്കളിക്ക് കേന്ദ്രസഹായം ലഭിക്കുന്നത്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ DPPH സ്കീമിന്റെ കീഴിലാണ് പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകിയിരിക്കുന്നത്. ഓരോ പുലിക്കളി സംഘങ്ങൾക്കും മൂന്നുലക്ഷം രൂപ വീതമാണ് നൽകുക. കഴിഞ്ഞവർഷം തൃശ്ശൂരിലെ പുലിക്കളി സംഘങ്ങളുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട മനസ്സിലാക്കിയ സുരേഷ് ഗോപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും 50,000 രൂപയുടെ വീതം സഹായം പുലിക്കളി സംഘങ്ങൾക്ക് നൽകിയിരുന്നു. അപ്പോൾ തന്നെ അദ്ദേഹം അടുത്ത വർഷം കേന്ദ്ര സഹായത്തിനായി ശ്രമിക്കുമെന്ന് പുലിക്കളി സംഘങ്ങളെ അറിയിച്ചിരുന്നു. അന്ന് സുരേഷ് ഗോപി നൽകിയ വാക്കാണ് ഇപ്പോൾ അദ്ദേഹം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത് ജിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കി. കൂടാതെ തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും സുരേഷ് ഗോപി അറിയിച്ചു.
Discussion about this post