ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ്. ഇതിനു മുന്നോടിയായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന ബിജെപി എംപിമാരുടെ വർക്ക്ഷോപ്പ് ഇന്ന് ന്യൂഡൽഹിയിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി എംപിമാർ ഈ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിനിടെ ഒരു എംപി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വർക്ക്‌ഷോപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സാധാരണ പ്രവർത്തകനായി അവസാന സീറ്റിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോരഖ്പൂരിൽ നിന്നുള്ള ബിജെപി എംപി രവി കിഷൻ ‘എക്സ്’-ൽ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. “ഇതാണ് ബിജെപിയുടെ ശക്തി, ഇവിടെയുള്ള എല്ലാവരും സംഘടനയിലെ പ്രവർത്തകർ ആണ്” എന്ന കുറിപ്പോടെ ആയിരുന്നു രവി കിഷൻ ഈ ചിത്രം പങ്കുവെച്ചത്.
ബിജെപി വർക്ക്‌ഷോപ്പിൽ പിയൂഷ് ഗോയൽ ജിഎസ്ടി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഒരു നന്ദിപ്രമേയം അവതരിപ്പിച്ചു. ഇതിനുശേഷം, ജിഎസ്ടി പരിഷ്കാരങ്ങളെ പിന്തുണച്ച് എംപിമാർ ഒരു പ്രമേയം പാസാക്കി. ജിഎസ്ടി പരിഷ്കാരങ്ങൾക്ക് എംപിമാർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. രണ്ട് ദിവസത്തെ ഈ വർക്ക്‌ഷോപ്പിൽ നിരവധി സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ സെഷനുകളിൽ പാർട്ടിയുടെ ചരിത്രവും വികസനവും എംപിമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. അതേസമയം പഞ്ചാബിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത്, സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ എൻഡിഎ എംപിമാർക്കായി സംഘടിപ്പിക്കാനിരുന്ന അത്താഴവിരുന്ന് റദ്ദാക്കി.
Discussion about this post