കാഠ്മണ്ഡു : നേപ്പാളിൽ സർക്കാരിനെതിരെ പുതുതലമുറയുടെ പ്രതിഷേധം രൂക്ഷമായ കലാപത്തിലേക്ക് നീങ്ങി. ‘ജെൻ സീ പ്രൊട്ടസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേപ്പാളിലെ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിലേറെയും പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികളും യുവാക്കളും ആണ്. നേപ്പാൾ സർക്കാർ വിവിധ സോഷ്യൽ മീഡിയകൾ നിരോധിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പ്രതിഷേധത്തിൽ ഇതുവരെ 18 പേർ കൊല്ലപ്പെട്ടു. 250ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നേപ്പാളിൽ 26 രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സർക്കാർ ബ്ലോക്ക് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ സൈറ്റുകൾ ലഭ്യമല്ല. ഇതാണ് പുതുതലമുറയുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. തിങ്കളാഴ്ച കാഠ്മണ്ഡുവിൽ Gen Z തലമുറയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് പ്രതിഷേധക്കാർ കാഠ്മണ്ഡുവിലെ മൈതിഘറിൽ ഒത്തുകൂടി. പ്രതിഷേധക്കാർ നിയന്ത്രിത മേഖല ലംഘിച്ച് പാർലമെന്റ് വളപ്പിൽ പ്രവേശിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളാവുകയായിരുന്നു.
പ്രതിഷേധക്കാർക്ക് എതിരെ പോലീസ് ജലപീരങ്കികൾ, കണ്ണീർ വാതകം, വെടിയുണ്ടകൾ എന്നിവ ഉപയോഗിച്ച് പ്രതികരിച്ചത് കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചു. ഈ സംഘർഷങ്ങളെ തുടർന്നാണ് 18 പേർ കൊല്ലപ്പെട്ടത്. നേപ്പാളിലെ ഈ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സശസ്ത്ര സീമ ബൽ (എസ്എസ്ബി) ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുകയും സുരക്ഷ ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.









Discussion about this post