ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ (യുഎഇ) നടക്കുന്ന 2025 ഏഷ്യാ കപ്പ് ഓപ്പണർ മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് സൂര്യകുമാർ യാദവ് മൗനം പാലിച്ചു. മത്സരം ആരംഭിക്കാൻ ഏകദേശം 24 മണിക്കൂർ മാത്രം ബാക്കി നിൽക്കെ, സഞ്ജു സാംസണിന്റെ സ്ഥാനം ചർച്ചാ വിഷയമാണ്.
സഞ്ജു സാംസൺ- ജിതേഷ് ശർമ്മ എന്നിവർ തമ്മിലാണ് ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നത്. 2024 ലെ ഇന്ത്യയുടെ അവസാന ഏഴ് ടി 20 മത്സരങ്ങളിൽ, സാംസൺ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറി നേടി. ഒരു കലണ്ടർ വർഷത്തിൽ ടി 20 യിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ സെഞ്ച്വറിയാണിത്.
എന്നിരുന്നാലും ഈ വർഷം കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല സഞ്ജുവിന് മുന്നോട്ട് പോയത്. ഇംഗ്ലണ്ടിനെതിരായ ടി 20 യിൽ നിരാശപ്പെടുത്തിയ സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിലും മികവ് കാണിച്ചില്ല. ഒടുവിൽ ഇപ്പോൾ സമാപിച്ച കേരള പ്രീമിയർ ലീഗിൽ നല്ല ഫോമിൽ കളിച്ചെങ്കിലും മധ്യനിരയിൽ സഞ്ജുവിന്റെ റെക്കോഡ് മോശമായതാണ് തിരിച്ചടിക്ക് കാരണമായത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ജിതേഷ് ഫിനിഷർ റോളിൽ തിളങ്ങിയതും മലയാളി താരത്തിന് പാരയായി. എന്തായാലും ഓപ്പണിങ് റോളും മധ്യനിരയും ഒകെ സൈറ്റായ സാഹചര്യത്തിൽ സഞ്ജുവോ ജിതേഷോ എന്നത് മാത്രമാണ് ഇനി ഉള്ള ചോദ്യം.
ടൂർണമെന്റിന് മുമ്പുള്ള ക്യാപ്റ്റന്റെ പത്രസമ്മേളനത്തിൽ സാംസണെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യകുമാർ പറഞ്ഞത് ഇങ്ങനെ: “ഞാൻ നിങ്ങൾക്ക് പ്ലെയിംഗ് ഇലവൻ റെഡിയായി കഴിയുമ്പോൾ മെസ്സേജ് ചെയ്യാം.” താരം പറഞ്ഞു. ‘ഞങ്ങൾ അവനെ (സഞ്ജു സാംസൺ) നന്നായി പരിപാലിക്കുന്നുണ്ട്. വിഷമിക്കേണ്ട, നാളെയും ഞങ്ങൾ അവനെ പരിപാലിക്കും,’ സൂര്യകുമാർ കൂട്ടിച്ചേർത്തു.
Discussion about this post