വ്യാപാരത്തീരുവ തർക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുറിപ്പിന് മോദിയുടെ മറുപടി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ചർച്ചകൾ വഴിയൊരുക്കുമെന്നും മോദി എക്‌സിൽ കുറിച്ചു.
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങളുടെ ടീമുകൾ ശ്രമിക്കും. ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു . നമ്മുടെ രണ്ട് ജനതയ്ക്കും കൂടുതൽ തിളക്കമാർന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുവാനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് മോദി കുറിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി മികച്ച നേതാവാണ്. അദ്ദേഹവുമായി എപ്പോഴും നല്ല സൗഹൃദബന്ധം ഉണ്ടാകും. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. അതിൽ ആരും വിഷമിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ എപ്പോഴും മോദിയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കും. അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണ്. എങ്കിലും ചില കാര്യങ്ങളിൽ എനിക്ക് ഇഷ്ടമില്ലായ്മകളുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. അതിൽ ആരും വിഷമിക്കേണ്ടതില്ല. ചില സമയങ്ങളിൽ ചെറിയ പ്രശ്‌നങ്ങളുണ്ടാവാം’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
Discussion about this post