ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനായി പുതിയ നയവുമായി അസം സർക്കാർ. 1950 ലെ കുടിയേറ്റ, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രത്യേക നടപടിക്രമത്തിന് അസം മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. ഡിറ്റക്ട്, ഡീപോർട്ട് എന്നാണ് ഈ പുതിയ നയം വിശേഷിപ്പിക്കപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാൽ 10 ദിവസത്തിനുള്ളിൽ തന്നെ അവരെ നാടുകടത്തും എന്നാണ് അസം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
പുതിയ നയം പ്രകാരം വിദേശിയായ ഏതൊരു വ്യക്തിയെയും നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കമ്മീഷണർക്ക് അധികാരമുണ്ടായിരിക്കും. ഈ നിയമപ്രകാരം, ഡിസി സംശയിക്കപ്പെടുന്ന വ്യക്തിക്ക് 10 ദിവസത്തെ നോട്ടീസ് നൽകും. ഈ കാലയളവിനുള്ളിൽ ആ വ്യക്തിക്ക് പൗരത്വം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ തന്നെ ആ വ്യക്തിയെ നാടുകടത്താൻ ജില്ലാ കമ്മീഷണർക്ക് നേരിട്ട് ഉത്തരവിടാവുന്നതാണ്.
സംസ്ഥാനത്ത് അനധികൃതമായി പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ അനധികൃത കുടിയേറ്റക്കാർ കണ്ടെത്തപ്പെട്ടാൽ ഒരു മുന്നറിയിപ്പും ആവശ്യമില്ലാതെ തന്നെ ഉടൻ നാടുകടത്താനും കഴിയുന്നതാണ്. അസമിലെ അനധികൃത കുടിയേറ്റക്കാരുടെ ദീർഘകാല പ്രശ്നം പരിഹരിക്കുന്നതിനുള്ള വിപ്ലവകരമായ ഒരു ചുവടുവയ്പ്പായി ഈ തീരുമാനം കണക്കാക്കപ്പെടുന്നു. ഇതുവരെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും നാടുകടത്തുന്നതിനുമുള്ള പ്രക്രിയ വിദേശികളുടെ ട്രൈബ്യൂണലുകൾ വഴിയാണ് നടത്തിയിരുന്നത്. ഈ രീതിയിൽ കേസുകൾ നീണ്ടുപോവുകയും സുപ്രീം കോടതിയിലെത്താൻ വർഷങ്ങളെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ കമ്മീഷണർക്ക് നാടുകടത്തലിന് നേരിട്ട് അധികാരം നൽകിക്കൊണ്ട് അസം സർക്കാർ പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 82,000-ത്തിലധികം അനധികൃത കുടിയേറ്റ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പുതിയ വിപ്ലവകരമായ തീരുമാനം.
Discussion about this post