ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘം ഡൽഹിയിൽ പുതുതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരമായ കേശവ്കുഞ്ജ് സന്ദർശിച്ച് വിഖ്യാത ബാഡ്മിന്റൺ താരം സൈന നേവാൾ. നൂറാം വർഷത്തിലേക്ക് കടക്കുന്ന ആർഎസ്എസിനോടുള്ള ആദരവിന്റെ ഭാഗമായാണ് തന്റെ സന്ദർശനം എന്ന് സൈന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
കേശവ്കുഞ്ജിലെത്തിയ സൈന ആർഎസ്എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ സമർപ്പണവും ദർശനങ്ങളും എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്ന് സൈന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. “അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ശ്രീ സുനിൽ അംബേക്കർ ജി, അഖില ഭാരതീയ സമ്പർക്ക് പ്രമുഖ് ശ്രീ രാംലാൽ ജി എന്നിവരെ കാണാനും അവസരം ലഭിച്ചു. സേവനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും ആത്മാവാണ് അവരുടെ പ്രവർത്തനങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത്.” എന്നും സൈന തന്റെ സമൂഹമാധ്യമ പോസ്റ്റിൽ എഴുതി.
2025 ഫെബ്രുവരിയിൽ ആയിരുന്നു ആർഎസ്എസിന്റെ ഡൽഹിയിലെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നത്. 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സമുച്ചയത്തിൽ ഓഡിറ്റോറിയങ്ങൾ, ലൈബ്രറി, ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയും ഉൾക്കൊള്ളുന്നു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്കാൾ വലുതായ കേശവ്കുഞ്ജിന്റെ നിർമ്മാണം 150 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയത്. പൂർണ്ണമായും പൊതുജന സംഭാവനകളിലൂടെയാണ് ആർഎസ്എസ് ഡൽഹിയിലെ ഈ ആസ്ഥാന മന്ദിരം നിർമ്മിച്ചത്.
Discussion about this post