കോഴിക്കോട് : കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ആറുപേരാണ് കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
ലോകത്തിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യുന്ന രോഗമായാണ് അമീബിക് മസ്തിഷ്ക ജ്വരം അറിയപ്പെടുന്നത്. എന്നാൽ കേരളത്തിൽ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ആരോഗ്യവകുപ്പിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നിലവിൽ 18 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയ,
വയനാട് ബത്തേരി സ്വദേശി രതീഷ് (45), കോഴിക്കോട് ഓമശ്ശേരിയിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52) എന്നിവരാണ് മരിച്ചിരുന്നത്.
Discussion about this post