സഞ്ജു സാംസൺ ടീം ഇന്ത്യയുടെ സ്ഥിരം അംഗമല്ലായിരിക്കാം, മൂന്ന് ഫോർമാറ്റുകളിലും താരത്തിന് സ്ഥിരമായി അവസരം കിട്ടാറില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ഫാൻ ബെയ്‌സ് എത്രത്തോളം വലുതാണെന്ന് നമുക്ക് അറിയാം. എന്നാൽ സാംസൺ ഇന്ത്യയിൽ മാത്രമാണ് ജനപ്രിയനെന്ന് കരുതിയെങ്കിൽ, നിങ്ങൾക്ക് തെറ്റി. ദുബായിൽ ഇന്ത്യ യുഎഇയെ തോൽപ്പിച്ചപ്പോൾ, ബാറ്റ് ചെയ്യാതെ കീപ്പറായി കളിച്ച സഞ്ജുവിന് വേണ്ടിയായിരുന്നു ആരാധക ജയ് വിളികൾ എല്ലാം.
‘സഞ്ജു, സഞ്ജു’ എന്ന ചാന്റുകൾ ആയി ആരാധകർ നിറയുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സഞ്ജു ആകട്ടെ തന്റെ ആരാധകരെ നിരാശരാക്കാതെ അവർക്കൊപ്പം ഫോട്ടോ എടുക്കാനും അവർക്ക് ഓട്ടോഗ്രാഫ് നൽകാനും ശ്രദ്ധിച്ചു. താരം എത്രത്തോളം കരുതലാണ് തന്റെ പ്രിയ ആരാധകർക്ക് കൊടുക്കുന്നത് എന്ന് നമുക്ക് ഈ വീഡിയോ കാണിച്ച് തരുന്നുണ്ട്.
അതേസമയം യുഎഇക്കെതിരായ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസണെ മധ്യനിരയിൽ കളിപ്പിച്ചതിന് പിന്നിലെ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് ചോദ്യം ചെയ്തു. ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വിജയത്തിൽ ആനന്ദിക്കുമ്പോൾ പോലും ഒരു താരത്തിന് ബാറ്റിംഗിന് അവസരം കിട്ടാത്തതിൽ ആരാധകർ അസ്വസ്ഥരാണ്.
“സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിക്കുന്നതിലൂടെ, ശ്രേയസ് അയ്യർക്ക് ടീമിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കുകയാണെന്ന് എനിക്ക് തോന്നുന്നു. സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് അവൻ തിളങ്ങിയിട്ടില്ല. അവിടെ അവനെ ഇറക്കരുത്. അത് അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം കെടുത്തിക്കളയും. എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ വലിയ സന്തോഷമില്ല. ഇത് അദ്ദേഹത്തിന്റെ അവസാന അവസരമാണെന്ന് ഞാൻ സഞ്ജുവിനെ അറിയിക്കും. ഈ സ്ഥാനത്ത് അടുത്ത അല്ലെങ്കിൽ മൂന്ന് ഇന്നിംഗ്സുകളിൽ റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ, ശ്രേയസ് അയ്യർ അദ്ദേഹത്തിന് പകരമെത്തും” ശ്രീകാന്ത് പറഞ്ഞു.
“അവർ സഞ്ജു സാംസണെ മധ്യനിരയിൽ കളിപ്പിക്കുകയാണ്. ഫിനിഷറായി അവർ അദ്ദേഹത്തെ ഉപയോഗിക്കുമോ? ഇല്ല. അത് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമായിരിക്കും. അപ്പോൾ, സാംസൺ അഞ്ചാം സ്ഥാനത്ത് കളിക്കും. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ? അതൊരു ചോദ്യചിഹ്നമാണ്. ജിതേഷ് ശർമ്മയ്ക്ക് പകരം നിങ്ങൾ സഞ്ജു സാംസണെ അഞ്ചാം നമ്പറിൽ ഇറക്കി എന്താണ് ഉദ്ദേശിക്കുന്നത്. ഈ തന്ത്രം ഏഷ്യാ കപ്പിൽ കുഴപ്പമില്ല, പക്ഷേ ടി20 ലോകകപ്പിൽ എങ്ങനെ നടക്കും?”
ടി20യിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ സാംസണിന്റെ ശരാശരി 10.20 മാത്രമാണ്. അതേസമയം, യുഎഇയ്‌ക്കെതിരായ ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വിജയത്തിൽ ഗിൽ ഒമ്പത് പന്തിൽ നിന്ന് 20 റൺസ് നേടി പുറത്താകാതെ നിന്നു.
https://twitter.com/i/status/1966341171950866783












