2025 ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തിയ മോശം പ്രകടനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ വിമർശിച്ചു. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ സൽമാൻ അലി ആഘയുടെ നേതൃത്വത്തിലുള്ള ടീം കളിയുടെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് മത്സരം നൽകിയില്ല.
ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിന് ശേഷം, ന്യൂ ബോളിൽ രണ്ട് ഓവറുകൾക്കുള്ളിൽ പാകിസ്ഥാന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ശേഷം വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നീ ഇന്ത്യൻ സ്പിൻ ത്രയങ്ങൾക്ക് മുന്നിൽ പാക് ബാറ്റ്സ്മാൻമാർക്ക് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റും പാകിസ്ഥാൻ ക്രിക്കറ്റും തമ്മിലുള്ള നിലവാരത്തിലുള്ള വ്യത്യാസം മദൻ ലാൽ എടുത്തുപറഞ്ഞു. ഇന്ത്യൻ ടീം പഴയ കാലഘത്തിൽ നിന്ന് ഒരുപാട് മാറി ഇന്ന് ടോപ് ടീം ആയി നിൽക്കുമ്പോൾ പാകിസ്ഥാൻ ആകട്ടെ ഇന്ന് പഴയ നിലവാരത്തിൽ നിന്ന് ഒരുപാട് പുറകിലേക്ക് പോയി.
“ബിസിസിഐയെ നോക്കൂ. ഇത് ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ ഒരു വ്യവസായമാണ്, ഇന്ത്യൻ ക്രിക്കറ്റിനെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് അവർ കൊണ്ടുപോകുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ എ യുടെ മത്സരങ്ങൾ നടത്തി കടുത്ത മത്സര അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ ടീമിന്റെ നിലവാരം ഇത്ര ഉയർന്നത്.” അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
“പാകിസ്ഥാനെ നോക്കൂ. വലിയ വേദികളിൽ തിളങ്ങാനുള്ള കഴിവ് അവർക്കില്ല. അവർക്ക് കഴിവുള്ള താരങ്ങളുടെ കുറവ് ഉണ്ട് ഇപ്പോൾ. ഞാൻ ഇങ്ങനെ ഒരു പാകിസ്ഥാൻ ടീം കണ്ടിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനത്തുള്ള ടീമായി സൂപ്പർ 4 ഘട്ടത്തിലേക്ക് പാക് മുന്നേറുകയാണെങ്കിൽ ഇന്ത്യയും പാകിസ്ഥാനും 2025 ലെ ഏഷ്യാ കപ്പിൽ വീണ്ടും പരസ്പരം ഏറ്റുമുട്ടും.
Discussion about this post