ഏഷ്യാകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി വിലപോകാതെ വന്നതോടെ തീരുമാനത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനു പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയത്.
നേരത്തെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതോടെയാണ് എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെൻറിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തിയത്. അതേസമയം ഇന്നത്തെ മത്സരത്തിൽ റിച്ചി റിച്ചാഡ്‌സനായിരിക്കും മാച്ച് റഫറിയെന്നും വിവരങ്ങളുണ്ട്.
ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഗക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ടൂർണമെൻറിൽനിന്ന് പിന്മാറുമെന്നും അവർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റഫറിയെ മാറ്റില്ലെന്ന നിലപാടാണ് ഐസിസി സ്വീകരിച്ചത്.
ഇത് മാത്രമല്ല,ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഏതാണ്ട് 141 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് കണക്ക്.
Discussion about this post