റിയാദ് : പാകിസ്താനുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ഈ പുതിയ നീക്കം. പുതിയ കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും എതിരെ ഏതൊരു ആക്രമണം ഉണ്ടായാലും സ്വന്തം രാജ്യത്തിനെതിരായ ആക്രമണമായി കണക്കാക്കി പ്രതിരോധത്തിനായി സഹായിക്കും എന്നാണ് വ്യക്തമാക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നിലവിൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും റിയാദിൽ വെച്ചാണ് ഈ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. അയൽരാജ്യമായ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ്, തങ്ങൾക്കെതിരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ പാകിസ്താന്റെ സഹായം തേടാൻ സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.
ദോഹയിലുണ്ടായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന്, അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) തമ്മിൽ ഒരു സംയുക്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ചകൾ നടത്തി കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും രണ്ടു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് കരാർ പറയുന്നു.
Discussion about this post