2016-17 ആഭ്യന്തര സീസണിനുശേഷം കർണാടക ടീമിൽ നിന്ന് പുറത്തായതിനെക്കുറിച്ചും ഒടുവിൽ പുറത്തുപോയതിനെക്കുറിച്ചും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ തുറന്നു പറഞ്ഞു. കരുൺ നായരെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, അത് കരുണിൽ നിന്ന് തന്നെ അകറ്റി എന്നും ഉത്തപ്പ പറഞ്ഞു.
സീസണിൽ മുംബൈയിൽ നടന്ന ഒരു മത്സരത്തിനുശേഷം, ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശ പ്രകടിപ്പിച്ചും ചില കളിക്കാർക്ക് വളരെ എളുപ്പത്തിൽ ടീമിൽ കയറിക്കൂടി എന്നും ഉത്തപ്പ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ തന്നെ( കരുൺ) ലക്ഷ്യം വച്ചുള്ളതാണെന്ന് ഒരു സഹതാരം കരുൺ നായരോട് പറഞ്ഞതായും, തെറ്റിദ്ധാരണ വന്നത് മുതൽ അയാൾ തന്നോട് മിണ്ടാറില്ലായിരുന്നു എന്നും ഉത്തപ്പ ഓർത്തു:
“ഒരു അഭിമുഖം ഉണ്ടായിരുന്നു. ആ സമയത്ത്, ഞാൻ ടെസ്റ്റ് ടീമിൽ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും എന്നെ പരിഗണിക്കാത്തതിനാൽ ഞാൻ നിരാശനായിരുന്നു. ഒരുപക്ഷേ ആ വികാരങ്ങളെല്ലാം സംഭാഷണത്തിൽ പുറത്തുവന്നിരിക്കാം. ടെസ്റ്റ് ക്യാപ്പുകൾ വളരെ എളുപ്പത്തിൽ നൽകപ്പെടുന്നുണ്ടെന്നും ചിലർക്ക് അവ സൗജന്യമായി നൽകുന്നു എന്നുമൊക്കെ ഞാൻ പറഞ്ഞു.”
“ഞങ്ങളുടെ ടീമിലെ ഒരാൾ ആ അഭിമുഖം എടുത്ത് കരുൺ നായരെക്കുറിച്ച് ആണ് ഞാൻ ഇതൊക്കെ പറഞ്ഞതെന്ന് പറഞ്ഞു. ഒരു ഇളയ സഹോദരനെപ്പോലെയായിരുന്ന കരുൺ നായർ, ടെസ്റ്റ് ക്യാപ്പ് ലഭിക്കാൻ അടുത്തെത്തിയ സമായാമായിരുന്നു അത്. അദ്ദേഹം എന്നോട് പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല, പക്ഷെ ഞങ്ങൾ തമ്മിൽ അകന്നു. അഭിമുഖം പുറത്തുവന്നപ്പോൾ, അത് ബോംബെയിലായതിനാലും, ബോംബെ ആഭ്യന്തര ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നതിനാലും, അവിടത്തെ മാധ്യമങ്ങൾ ഞാൻ കരുണിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്ന രീതിയിൽ അത് ചിത്രീകരിച്ചു. കരുണ് അത് വിശ്വസിക്കുകയും എന്നിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“പിന്നീട് കർണാടകയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. സാധാരണയായി, ഞങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയാൽ
, എല്ലാവരെയും ഒരുമിച്ച് കൂട്ടി വീട്ടിലേക്ക് ക്ഷണിക്കുകയും, ഭക്ഷണവും മദ്യവും പങ്കിടുകയും ചെയ്യുന്ന ശീലം എനിക്കുണ്ടായിരുന്നു. ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ്, സ്റ്റേഡിയത്തിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞാൻ ആയിരുന്നല്ലോ അപ്പോൾ ടീമിലെ പ്രശ്നക്കാരൻ. വിജയ് സാർ ആ മീറ്റിംഗിൽ ഉണ്ടായിരുന്നു. ഞാൻ വിജയ് സാറിനോട് പറഞ്ഞു, “ഇവിടെ ആർക്കെങ്കിലും ഞാൻ ടീമിനെ തകർക്കുന്നുവെന്ന് തോന്നിയാൽ, നിങ്ങളുടെ കൈ ഉയർത്തുക. ഒരാൾ അങ്ങനെ ചെയ്താൽ, ഞാൻ ഇപ്പോൾ കർണാടകയ്ക്ക് വേണ്ടി കളിക്കുന്നത് നിർത്തും.” ഒരാൾ പോലും കൈ ഉയർത്തിയില്ല.
“ഞാൻ ടീമിനുവേണ്ടി നിലകൊണ്ടപ്പോൾ ആരും എനിക്ക് വേണ്ടി നിലകൊണ്ടില്ല. എനിക്ക് വളരെ നിരാശ തോന്നി. കരുണിന് ഞാൻ ശത്രുവായത് എന്നെ വേദനിപ്പിച്ചു. കരുൺ, രാഹുൽ, മനീഷ് തുടങ്ങിയ കളിക്കാർ വിജയിക്കുകയും ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയും ചെയ്യണമെന്നല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിച്ചില്ല. ഒരാൾ പോലും എനിക്ക് വേണ്ടി നിലകൊണ്ടില്ല എന്നതിനാൽ അവരൊക്കെ എന്നെ ശരിക്കും നിരാശപ്പെടുത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആ സീസണിന്റെ അവസാനം, തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള കർണാടകയുടെ 16 അംഗ ടീമിൽ നിന്ന് റോബിൻ ഉത്തപ്പയെ ഒഴിവാക്കി. വിനയ് കുമാറിന്റെ ടീം മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു.
Discussion about this post