ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം എപ്പോൾ നടന്നാലും അത് കളിക്കളത്തിന് പുറത്തേക്ക് കടക്കാറുണ്ട്. കളത്തിന് അകത്തെ ആവേശം പോരാതെ അത് മുൻ ഇന്ത്യ- പാക് താരങ്ങൾ ഏറ്റെടുക്കുന്നത് പതിവാണ്. ഷാഹിദ് അഫ്രീദിയും ഇർഫാൻ പത്താനും അടക്കമുള്ള താരങ്ങൾ ഏറ്റുമുട്ടുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് കളിക്കളത്തിൽ തുടങ്ങിയ പോരാട്ടം ഇപ്പോൾ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ ക്ലിപ്പുകളിലൂടെയും വൈറലാകുന്നു. എന്തായാലും സംസാരിക്കുന്നതിന് പകരം നേരിട്ട് വർന്നിട്ട് ഏറ്റുമുട്ടാൻ മുൻ ഇന്ത്യൻ ഓൾറൗണ്ടറെ വെല്ലുവിളിക്കുന്ന അഫ്രീദിയുടെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കറാച്ചിയിൽ നിന്ന് ലാഹോറിലേക്കുള്ള വിമാനയാത്രയിൽ അഫ്രീദി തന്റെ മുടി പിടിച്ചുവലിച്ചതും, “കുട്ടി” എന്ന് വിളിച്ചതും പത്താൻ വിവരിച്ചു. അദ്ദേഹത്തിന്റെ കഥയുടെ പതിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. എന്നിരുന്നാലും, അഫ്രീദി തിരിച്ചടിച്ചുകൊണ്ട് ആ കഥ പൂർണ്ണമായും നിഷേധിച്ചു. അത് നേരിട്ട് പറയാൻ പത്താനെ വെല്ലുവിളിച്ചു. ഒരു പാകിസ്ഥാൻ ടിവി ചാനലിൽ സംസാരിക്കവെ അഫ്രീദി ഇങ്ങനെ പറഞ്ഞു.
“മുഖാമുഖം സംസാരിക്കാൻ കഴിയുന്ന ആളുകൾ വരുന്നത് ഞാൻ ഇഷ്ടപെടുന്നു. ആർക്കും പിന്നിൽ നിന്ന് സംസാരിക്കാൻ കഴിയും, പക്ഷേ എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ കഴിയുന്നവരെ മാത്രമേ ഞാൻ നേരിടാൻ ഇഷ്ടപ്പെടുന്നുള്ളൂ. അത് കാര്യങ്ങൾ കൂടുതൽ രസകരമാക്കും. എനിക്ക് മികച്ച മറുപടി നൽകാനും കഴിയും.” അഫ്രീദി പറഞ്ഞു.
തുടർന്ന് പറഞ്ഞത് ഇങ്ങനെ:
“പത്താൻ എത്ര മികച്ച ഇന്ത്യക്കാരനാണെന്ന് കാണിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു. പാവം, അദ്ദേഹം തന്റെ ജീവിതം മുഴുവൻ അതിനായി ചെലവഴിക്കും,” അഫ്രീദി പറഞ്ഞു. ടീമിൽ ഫാസ്റ്റ് ബൗളർമാർ ഇല്ലാത്തതിനാലാണ് ആ കാലഘട്ടത്തിൽ ഇന്ത്യ പത്താനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. “ഇന്ത്യയ്ക്ക് പേസ് ബോളർമാർ ഇല്ലാത്തതിൽ അദ്ദേഹം നന്ദിയുള്ളവനായിരിക്കണം. 120-125 വേഗതയുള്ള ബൗളർമാർക്ക് കളിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹത്തിന് കടപ്പാട് ഉണ്ടാകണം” അഫ്രീദി കൂട്ടിച്ചേർത്തു.
പത്താനെ സംബന്ധിച്ചിടത്തോളം, 154 പന്തുകളിൽ ഒമ്പത് തവണ അഫ്രീദിയെ അദ്ദേഹം പുറത്താക്കി. ഇതിനർത്ഥം ഓരോ 17 പന്തിലും ശരാശരി ഒരു പുറത്താക്കൽ സംഭവിച്ചിട്ടുണ്ട്.
Discussion about this post