2025 ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ തോറ്റതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ മുൻ പാക് താരം ഡാനിഷ് കനേരിയ പങ്കുവെച്ചു. ആക്രമണാത്മകമായ ബാറ്റിംഗിലൂടെ ഇന്ത്യൻ ഓപ്പണർമാർ പാകിസ്ഥാന്റെ ബൗളർമാരിൽ എങ്ങനെ ആധിപത്യം സ്ഥാപിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 172 റൺസ് എടുത്തപ്പോൾ, ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ 58 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി.
ഫഹീം അഷ്‌റഫിന്റെ 8 പന്തിൽ 20 റൺസ് കൂടിയായതോടെ പാകിസ്ഥാൻ 171/5 എന്ന സ്കോർ നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി അഭിഷേക് ശർമ്മ മികച്ച പ്രകടനം കാഴ്ചവച്ചു, 39 പന്തിൽ ആറ് ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടെ 74 റൺസ് നേടി. ശുഭ്മാൻ ഗിൽ 28 പന്തിൽ 47 റൺസ് നേടി അദ്ദേഹത്തിന് പിന്തുണയും നൽകി. ആദ്യ 10 ഓവറിൽ ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു, ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
“സാഹിബ്‌സാദ ഫർഹാൻ എകെ-47 പോലെ ഷോട്ട് പായിച്ചു, പക്ഷേ പിന്നീട് ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ബ്രഹ്മോസിന്റെ പതിപ്പ് അഴിച്ചുവിട്ടു. ശർമ്മ നടത്തിയ ആഘോഷം കാണാൻ ഭംഗി ഉണ്ടായിരുന്നു.ഇന്ത്യൻ ഓപ്പണർമാരുടെ പ്രത്യാക്രമണം വളരെ മനോഹരമായിരുന്നു, പാകിസ്ഥാൻ ബൗളർമാർ പൂർണ്ണമായും ഞെട്ടിപ്പോയി,” കനേരിയ പറഞ്ഞു.
തോൽവിക്ക് ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ സ്വഭാവത്തെ കനേരിയ വിമർശിച്ചു. ഫഖർ സമാന്റെ പുറത്താക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് പാകിസ്ഥാൻ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫഖർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പുറത്താക്കൽ. ഹാർദികിന്റെ പന്തിൽ സഞ്ജു ക്യാച്ച് എടുത്തായിരുന്നു താരത്തിന്റെ മടക്കം.
“അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ തുടങ്ങിയ ഓപ്പണർമാരുള്ളതിനാൽ, അത്തരമൊരു വിക്കറ്റിൽ 200 റൺസ് എന്ന ലക്ഷ്യം പോലും ഒരു ചെറിയ സ്കോറായി തോന്നാം. ഇരുവരും അസാധാരണ കളിക്കാരാണ്,” ഡാനിഷ് കൂട്ടിച്ചേർത്തു.
Discussion about this post