2025 ലെ ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ ഇന്ത്യക്കെതിരായ തുടർച്ചയായ രണ്ടാം പരാജയത്തിന് ശേഷം, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയെ തോൽപ്പിക്കാനുള്ള ഒരേയൊരു മാർഗം എന്താണെന്ന് മുൻ ക്യാപ്റ്റനും ഇപ്പോൾ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ നിർദ്ദേശിച്ചു.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ അഭിഷേക് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗ് മികവിൽ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തി. 39 പന്തിൽ 74 റൺസ് നേടിയ അഭിഷേകിന്റെയും 28 പന്തിൽ 47 റൺസ് നേടിയ ഗില്ലിന്റെയും മികവിൽ ഇന്ത്യൻ ആറ് വിക്കറ്റ് ജയം നേടുക ആയിരുന്നു. ഇരുവർക്കും കളി അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും ചേർന്നുള്ള കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടം വരുത്താതെ ഇന്ത്യയെ ലക്ഷ്യം നേടാൻ സഹായിക്കുക ആയിരുന്നു.
എന്തായാലും മുൻ നായകൻ ഇമ്രാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ പരിഹസിച്ചു, പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും ആർമി ചീഫ് അസിം മുനീറും പാകിസ്ഥാനായി കളിച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്താൽ മാത്രമേ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയൂ എന്ന് അഭിപ്രായപ്പെട്ടു.
ഖാന്റെ സഹോദരി അലീമ ഖാൻ ആണ് അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങൾ പുറംലോകത്തിന് വെളിപ്പെടുത്തിയത്. ഇവർക്ക് പുറമെ, മുൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഇസയും പാകിസ്ഥാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയും അമ്പയർമാരായി പ്രവർത്തിക്കണമെന്നും അങ്ങനെ വന്നാൽ ഉറപ്പായിട്ടും പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കും എന്നും ഇമ്രാൻ പറഞ്ഞു.
അതേ സമയം ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. തോറ്റാൽ പാക് ഫൈനലിലെത്താതെ പുറത്താകും.
Discussion about this post