2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിട്ട സൂപ്പർ 4 ലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന് ബാറ്റിംഗിന് അവസരം കിട്ടിയിരുന്നു. ഗ്രുപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരത്തിന് ബാറ്റിംഗിന് അവസരം കിട്ടിയിരുന്നില്ല. ഒമാനെതിരെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ സാംസൺ ബാറ്റ് ചെയ്യുകയും അവിടെ അർദ്ധസെഞ്ച്വറി നേടുകയും ചെയ്തു. എന്നാൽ പാകിസ്ഥാനെതിരെ നടന്ന പോരിൽ ബുദ്ധിമുട്ടിയ താരത്തിന് 17 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് നേടാനായത്. വരും മത്സരങ്ങളിൽ താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
സാംസൺ ഇതുവരെ കളിച്ച 46 ടി 20 മത്സരങ്ങളിൽ നിന്ന് 930 റൺസ് നേടിയിട്ടുണ്ട്, 1000 റൺസ് തികയ്ക്കാൻ താരത്തിന് ഇനി 70 റൺസാണ് ആവശ്യം. 1000 റൺസ് തികയ്ക്കുന്നതിന് മുമ്പ്, ഗൗതം ഗംഭീറിനെ മറികടക്കാൻ താരത്തിന് ഒരു അവസരം വന്നിരിക്കുകയാണ്. ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ മുഖ്യ പരിശീലകനെ മറികടക്കാൻ സാംസൺ വെറും മൂന്ന് റൺസ് മാത്രം അകലെയാണ്. ഗംഭീർ 37 മത്സരങ്ങളിൽ നിന്ന് 932 റൺസുമായി തന്റെ കരിയർ അവസാനിപ്പിച്ചു. ടി 20 യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ പന്ത്രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം.
2015 ൽ ടി20യിൽ അരങ്ങേറ്റം കുറിച്ച സാംസൺ, അടുത്ത മത്സരത്തിൽ തന്നെ ഗംഭീറിനെ മറികടക്കുമെന്നും മത്സരത്തിൽ വമ്പൻ സ്കോർ നേടുമെന്നും ആരാധകർ കരുതുന്നു. സെപ്റ്റംബർ 24 നും 26 നും നടക്കുന്ന സൂപ്പർ 4 ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യ യഥാക്രമം ബംഗ്ലാദേശിനെയും ശ്രീലങ്കയെയും നേരിടും.
ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രോഹിത് ശർമ്മയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 159 മത്സരങ്ങളിൽ നിന്ന് 4231 റൺസുമായി രോഹിത് തന്റെ കരിയർ പൂർത്തിയാക്കി. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ വിരാട് കോഹ്‌ലിയാണ് അദ്ദേഹത്തിന് തൊട്ടുപിന്നിൽ. 125 മത്സരങ്ങളിൽ നിന്ന് വിരാട് 4188 റൺസ് നേടിയിട്ടുണ്ട്. . 87 മത്സരങ്ങളിൽ നിന്ന് 2652 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് ഇവർക്ക് തൊട്ടുപിന്നിൽ.
https://www.youtube.com/watch?v=BDCS-pkK3L8&t=1s
Discussion about this post