ന്യൂഡൽഹി : സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ച് വിദേശ ഉൽപ്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഇന്ന് ഇന്ത്യ. കേന്ദ്രസർക്കാർ തലത്തിൽ തന്നെ തദ്ദേശീയ ഉൽപ്പന്നങ്ങളിലേക്ക് മാറ്റം ആരംഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഒരു തദ്ദേശീയ പ്ലാറ്റ്‌ഫോം സ്വീകരിക്കുന്നതായി വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡോക്യുമെന്റ് നിർമ്മാണം, സ്പ്രെഡ്ഷീറ്റുകൾ, അവതരണങ്ങൾ തുടങ്ങിയ ജോലികൾക്കായി ഇനി പൂർണമായും ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമായ സോഹോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതേ മാതൃകയിൽ പല കേന്ദ്ര സർക്കാർ വകുപ്പുകളും വിദേശ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നത് കുറച്ചേക്കുമെന്നാണ് സൂചന. ഈ തീരുമാനത്തിലൂടെ ഇന്ത്യൻ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയും ഡാറ്റ സുരക്ഷ മെച്ചപ്പെടുത്തുകയും വിദേശ സേവനങ്ങൾക്കുള്ള ചെലവ് കുറയ്ക്കുകയും ചെയ്യുന്നതാണ്. ഡിജിറ്റലായി സ്വയംപര്യാപ്തമായ ഇന്ത്യ എന്ന മോദി സർക്കാരിന്റെ സ്വപ്നമോദി സർക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
1996-ൽ സ്ഥാപിതമായ സോഹോ 55-ലധികം ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോം ആണ്. ശ്രീധർ വെമ്പുവും ടോണി തോമസും ചേർന്ന് സ്ഥാപിച്ച ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് കമ്പനിയാണിത്. തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമാക്കിയാണ് സോഹോ പ്രവർത്തിക്കുന്നത്. ഇമെയിൽ, അക്കൗണ്ടിംഗ്, എച്ച്ആർ, പ്രോജക്ട് മാനേജ്‌മെന്റ്, സിആർഎം തുടങ്ങി നിരവധി മേഖലകളിൽ വ്യത്യസ്ത സേവനങ്ങൾ സോഹോ നൽകുന്നു.
Discussion about this post