റാബത്ത് : ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യൻ ആയുധങ്ങൾക്കും മറ്റു പ്രതിരോധ ഉത്പന്നങ്ങൾക്കും ലോകവ്യാപകമായി വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രതിരോധ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. ഈ തീരുമാനത്തിന്റെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രതിരോധ നിർമ്മാണ യൂണിറ്റ് വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നിർമ്മാണം പൂർത്തിയായിരിക്കുകയാണ്. ടാറ്റയുടെ നേതൃത്വത്തിൽ നിർമ്മാണം നടത്തുന്ന ഈ കവചിത വാഹന പ്ലാന്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക മൊറോക്കോ സന്ദർശനം ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ രംഗത്ത് മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ ബന്ധത്തിന് ശക്തി പകരുന്നത് കൂടിയാണിത്. ആദ്യമായാണ് ഒരു വടക്കേ ആഫ്രിക്കൻ രാജ്യത്തേക്ക് ഇന്ത്യൻ പ്രതിരോധ മന്ത്രി സന്ദർശനം നടത്തുന്നത്. മൊറോക്കോയിലെ ബെറെച്ചിഡിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മരോക്കിന്റെ വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോമിനായുള്ള പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനാണ് പ്രതിരോധ മന്ത്രി മൊറോക്കോയിൽ എത്തിയിട്ടുള്ളത്.
ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിനുണ്ടായ വളർച്ചയിലെ ഒരു നാഴികക്കല്ല് കൂടിയാണ് മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ (2.76 ബില്യൺ യുഎസ് ഡോളർ) എന്ന റെക്കോർഡ് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. നിലവിൽ ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിരോധനിർമ്മിതികൾക്കായി നിരവധി രാജ്യങ്ങൾ ആവശ്യക്കാരായുണ്ട്. മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ യൂണിറ്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ പ്രതിരോധം കയറ്റുമതി വീണ്ടും ഉയരുന്നതായിരിക്കും. മൊറോക്കോയുമായുള്ള പ്രതിരോധ, തന്ത്രപര, വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി മൊറോക്കൻ വിദേശകാര്യ മന്ത്രി അബ്ദെല്ലാത്തീഫ് ലൗദിയിയുമായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
Discussion about this post