ദിസ്പുർ : അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്ക് ഏർപ്പെടുത്തി അസം സർക്കാർ. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായ സ്യാംകാനു മഹന്തയെ സംസ്ഥാനത്തിനുള്ളിൽ ഏതെങ്കിലും പരിപാടികളോ ചടങ്ങുകളോ നടത്തുന്നതിൽ നിന്നുമാണ് അസം സർക്കാർ വിലക്കിയിട്ടുള്ളത്.
സ്യാംകാനു മഹന്തയും സംഘവും സംഘടിപ്പിച്ച നാലാമത് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയപ്പോൾ ആയിരുന്നു ഗായകൻ സുബീൻ ഗാർഗ് സർഫിങ്ങിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. സംഭവത്തെത്തുടർന്ന് സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു. മഹന്തയുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിയിൽ നിന്നുമുള്ള എല്ലാ സാമ്പത്തിക ഗ്രാന്റുകളും പരസ്യങ്ങളും സ്പോൺസർഷിപ്പുകളും നേരിട്ടോ അല്ലാതെയോ സർക്കാർ തടയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന് സ്യാംകാനു മഹന്തയ്‌ക്കെതിരെ അസമിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ദേഹത്തിനും ഗായകന്റെ മാനേജർക്കും എതിരെ നിരവധി പരാതികൾ ഫയൽ ചെയ്തു. സമഗ്രമായ അന്വേഷണത്തിനായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറാൻ അസം സർക്കാർ പോലീസിന് നിർദ്ദേശം നൽകി.
Discussion about this post