ന്യൂഡൽഹി : റെയിൽവേ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. 1,866 കോടി രൂപയുടെ ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകാനാണ് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. 10.9 ലക്ഷം ജീവനക്കാർക്ക് ആണ് ഇതിന്റെ ഗുണഫലം ലഭിക്കുക. 78 ദിവസത്തെ ശമ്പളത്തിന് അടിസ്ഥാനമായ രീതിയിലുള്ള തുക ആയിരിക്കും ഇവർക്ക് ദീപാവലി ബോണസ് ആയി ലഭിക്കുക എന്ന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ഗസറ്റഡ് അല്ലാത്ത റെയിൽവേ ജീവനക്കാർക്ക് ആണ് ബോണസ് നൽകുന്നത്. ദുർഗ്ഗാ പൂജ/ദസറ അവധി ദിവസങ്ങൾക്ക് മുമ്പ് എല്ലാ വർഷവും യോഗ്യരായ റെയിൽവേ ജീവനക്കാർക്ക് പ്രത്യേക ബോണസ് നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷം മോദി സർക്കാർ റെയിൽവേ ജീവനക്കാർക്കായി 2,029 കോടി രൂപയുടെ ബോണസ് അനുവദിച്ചിരുന്നു. ഇത് 11,72,240 ജീവനക്കാർക്ക് പ്രയോജനപ്പെട്ടു. ജീവനക്കാരുടെ പ്രയത്നങ്ങളെ അംഗീകരിക്കുന്നതിനാണ് പിഎൽബി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഉത്സവ സീസണിൽ ഇത് ഒരു പ്രധാന സാമ്പത്തിക ഉത്തേജനമാകും.
യോഗ്യതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി ബോണസ് തുക 17,951 രൂപയാണ്. ട്രാക്ക് മെയിന്റനർമാർ, ലോക്കോമോട്ടീവ് പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ സഹായികൾ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ എന്നിവരാണ് പ്രത്യേക ബോണസിന് അർഹരായിട്ടുള്ളത്.
Discussion about this post